സിഎംആര്‍എല്‍ – എക്സാലോജിക് കേസില്‍ ഇഡി രേഖകള്‍ക്കായി കാത്തിരിക്കണമെന്ന് വിചാരണക്കോടതി. മുഖ്യമന്ത്രിയുടെ മകളുടെ മൊഴിപ്പകര്‍പ്പും രേഖകളും ഉടന്‍ നല്‍കില്ല. എസ്എഫ്‌ഐഒ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചത് കാല്‍ലക്ഷത്തിലേറെ രേഖകളാണെന്നും പകര്‍പ്പെടുക്കാന്‍ വേണ്ട സൗകര്യമില്ലെന്നും കോടതി അറിയിച്ചു. ഫൊട്ടോസ്റ്റാറ്റ് മെഷീനും ജീവനക്കാരെയും എത്തിക്കാമെന്ന് ഇഡി അറിയിച്ചപ്പോള്‍ അങ്ങനെ അനുവദിക്കാന്‍ അധികാരമില്ലെന്ന് വിചാരണക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒയില്‍ നിന്നു നേരിട്ട് റിപ്പോര്‍ട്ട് വാങ്ങുന്നതിന് ഹൈക്കോടതി ഉത്തരവില്‍ വിലക്കുണ്ട്. ഇഡി ഹൈക്കോടതിയെ നേരില്‍ സമീപിക്കാനാണ് നീക്കം.
അതേസമയം, കരിമണൽ കച്ചവടത്തിനു നിയമവിരുദ്ധ സഹായം ഉറപ്പാക്കാൻ സിഎംആർഎൽ കമ്പനി വൻതുക ചെലവഴിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കുറ്റസമ്മതം നടത്തിയെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) സമർപ്പിച്ച പ്രോസിക്യൂഷൻ കംപ്ലെയ്ന്റിൽ പരാമർശം. സിഎംആർഎലിന് വീണയുടെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസ് ഒരു സേവനവും നൽകിയിട്ടില്ലെന്നു സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടിലുള്ളത്. സേവനം നൽകിയില്ലെന്നു വീണ, സിഎംആർഎൽ ഐടി മേധാവി, എക്സാലോജിക് ജീവനക്കാർ എന്നിവരുടെ മൊഴിയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വീണയുടെ കമ്പനിയെ സോഫ്റ്റ്‌വെയർ സേവനത്തിനായി നിയോഗിച്ചിരുന്ന അതേ കാലഘട്ടത്തിൽ മറ്റൊരു കമ്പനിയെ ഇതേ ആവശ്യത്തിനു സിഎംആർഎൽ ചുമതലപ്പെടുത്തിയിരുന്നു. എടിഎൻഎ ടെക്നോളജീസ് എന്ന ഈ കമ്പനി സേവനം നൽകിയത് എക്സാലോജിക്കിനു സിഎംആർഎൽ നൽകിയതിനെക്കാൾ കുറഞ്ഞ തുകയ്ക്കായിരുന്നെന്നും എസ്എഫ്ഐഒ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. സേവനം നൽകിയില്ലെന്നു കണ്ടെത്തിയെങ്കിലും വീണയ്ക്ക് എന്തിനാണു സിഎംആർഎൽ പണം നൽകിയത് എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. സിഎംആർഎലിന്റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യയിൽനിന്നു 3 തവണയായി 90 ലക്ഷം രൂപ 12% പലിശയ്ക്ക് എക്സാലോജിക് വായ്പയെടുത്തതിൽ 4 ലക്ഷം രൂപ മാത്രമാണു തിരിച്ചടച്ചതെന്നു റിപ്പോർട്ടിലുണ്ട്.
എസ്എഫ്ഐഒ റിപ്പോർട്ടിന്റെ പകർപ്പ് വാങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, രണ്ടായിരത്തോളം പേജുള്ള മൊഴിപകർപ്പിനായി വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. സേവനമില്ലാതെ പണം കൈപ്പറ്റിയെന്ന് റിപ്പോർട്ടിലുള്ള സാഹചര്യത്തിൽ വീണയ്ക്കും കമ്പനിക്കുമെതിരെ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ഷോൺ ജോർജ് അറിയിച്ചു.
അതേസമയം, കരാറനുസരിച്ചുള്ള സേവനങ്ങൾ നൽകാതെ സിഎംആർഎലിൽനിന്നു പണം കൈപ്പറ്റിയെന്ന് എസ്എഫ്ഐഒയ്ക്കു മൊഴി നൽകിയെന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്നു വീണ വിജയൻ. സിഎംആർഎലുമായുള്ള സാമ്പത്തിക ഇടപാട് വിവാദമായശേഷം ആദ്യമായാണ് ഈ വിഷയത്തിൽ വീണയുടെ പ്രതികരണം. ഇത്തരത്തിൽ ഒരു മൊഴിയും നൽകിയിട്ടില്ലെന്നാണ് മാധ്യമങ്ങൾക്കു നൽകിയ കുറിപ്പിൽ വീണ പറയുന്നത്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽനിന്ന് എഴുതിക്കൊടുക്കുന്നത് അതേപടി വാർത്തയാക്കുന്ന സ്ഥിതിയാണെന്നും കോടതിക്കു മുൻപിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വീണയുടെ ഭർത്താവ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.