jail-staff-meeting-2

സര്‍വീസ് ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജയില്‍ വകുപ്പിലെ ആര്‍.എസ്.എസ് അനുകൂല ഉദ്യോഗസ്ഥരുടെ കൂട്ടായ്മ. കുമരകത്തെ റിസോര്‍ട്ടില്‍ 18 പേര്‍ ഒത്തുചേര്‍ന്നത് പുറത്തറിഞ്ഞത് ഈ കൂട്ടായ്മ വളരുമെന്ന അടിക്കുറിപ്പോടെ ഫോട്ടോ പങ്കുവെച്ചപ്പോള്‍. നിയമലംഘനം വ്യക്തമായിട്ടും സ്വാഭാവിക സ്ഥലംമാറ്റത്തില്‍ നടപടി ഒതുക്കി ജയില്‍ വകുപ്പ്. കടുത്ത നടപടി ഒഴിവാക്കാന്‍ ബി.ജെ.പി നേതാവ് ഇടപെട്ടെന്നും ആരോപണമുണ്ട്.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ജോലി ചെയ്യുന്ന 18 ഉദ്യോഗസ്ഥരാണ്  കുമരകത്തെ റിസോര്‍ട്ടില്‍ യോഗം ചേര്‍ന്നത്. ഒരേമനസുള്ള ഞങ്ങളുടെ കൂട്ടായ്മക്ക് തുടക്കമായിരിക്കുന്നു, ഇനി വളര്‍ന്നുകൊണ്ടേയിരിക്കും– എന്ന അടിക്കുറിപ്പോടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചതോടെയാണ്   ജനുവരി 17ന് രാത്രിയില്‍ നടന്ന കൂട്ടായ്മയുടെ കാര്യം ജയില്‍ വകുപ്പ് അറിയുന്നത് . അതും യോഗം കഴിഞ്ഞ്  മാസങ്ങള്‍ക്കുശേഷം.. കൂട്ടായ്മയില്‍ പങ്കെടുത്ത ചിലര്‍ ഫോട്ടോ വാട്സാപ് സ്റ്റാറ്റസുമാക്കി.  തുടര്‍ന്ന്  ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പങ്കെടുത്തവരെല്ലാം ആര്‍.എസ്.എസ് അനുഭാവികളാണെന്ന് കണ്ടെത്തിയത്. ഉദ്യോഗസ്ഥരെയും തടവുകാരെയും ഏകോപിപ്പിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. 

രാഷ്ട്രീയ കൂട്ടായ്മ പാടില്ലെന്ന സര്‍വീസ് ചട്ടലംഘനത്തിനൊപ്പം കുറ്റവാളികളെ സംഘടിപ്പിക്കുകയെന്ന ഗൂഡാലോചന കുറ്റവും സംശയിക്കാവുന്നതാണ് കൂട്ടായ്മക്ക് പിന്നില്‍. പക്ഷെ മുഖ്യമന്ത്രി ഭരിക്കുന്ന ജയില്‍ വകുപ്പ് ആര്‍.എസ്.എസ് കൂട്ടായ്മയെ അത്ര ഗുരുതര തെറ്റായി കണ്ടില്ല. പങ്കെടുത്ത 18 പേരെ മൂന്ന് ഘട്ടത്തിലായി സ്ഥലംമാറ്റി. പക്ഷെ സ്ഥലംമാറ്റ ഉത്തരവില്‍ പോലും ആര്‍.എസ്.എസ് കൂട്ടായ്മയുടെയോ ചട്ടലംഘനത്തിന്‍റെയോ പേരിലാണ് നടപടിയെന്ന് രേഖപ്പെടുത്തിയില്ല. മാത്രവുമല്ല, കൂട്ടായ്മയ്ക്ക് പിന്നിലാര്, ലക്ഷ്യമെന്ത് തുടങ്ങിയവ കണ്ടെത്താന്‍ അന്വേഷണം പോലും പ്രഖ്യാപിച്ചില്ല. മൊത്തത്തില്‍ എല്ലാം ഒതുക്കിതീര്‍ത്തു. 

അതേസമയം, ആര്‍എസ്എസ്അനുകൂല ജയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സര്‍ക്കാര്‍ കാര്യമായിട്ടുള്ള നടപടി എടുത്തിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാര്‍ എന്തും ചെയ്യുമെന്നും എം.വി.ഗോവിന്ദന്‍  പറഞ്ഞു.

ENGLISH SUMMARY:

A group of RSS-supporting officers in the prison department violated service rules by organizing a gathering. The secret meeting of 18 officers at a resort in Kumarakom came to light when a photo of the event — captioned with hints about strengthening the group — was shared publicly. Despite the clear violation of rules, the jail department limited its action to routine transfers. Allegations also surfaced that a BJP leader intervened to prevent stricter disciplinary action.