തെരുവുനായ നിയന്ത്രണം പൂര്‍ണമായും പാളിയ സംസ്ഥാനത്ത് ഒന്‍പത് വര്‍ഷത്തിനിടെ  പേവിഷപ്രതിരോധ മരുന്നിന് ചെലവാക്കിയത് 104 കോടി 83 ലക്ഷം രൂപ. 2024ല്‍ മാത്രം മൂന്നു ലക്ഷത്തി പതിനാറായിരം പേര്‍ നായ കടിയേറ്റ് ചികില്‍സ തേടി. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം നായകടിയേറ്റത്  ഒരുലക്ഷത്തി അഞ്ഞൂറ്റി നാല് പേര്‍ക്കാണ്. 

തെരുവുനായ നിയന്ത്രണത്തിന് രണ്ടുവര്‍ഷം മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച കര്‍മ്മ പദ്ധതിയും ഉദ്യോഗസ്ഥര്‍ കാറ്റില്‍പ്പറത്തി. മുഖ്യമന്ത്രി മുതല്‍ എല്ലാവര്‍ക്കും കാര്യങ്ങളിലൊക്കെ നല്ല ധാരണയുണ്ട്. അപ്പോഴും സാധാരണക്കാരായ മനുഷ്യരെ തെരുവു നായ്ക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു. പേപിടിച്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞ്  മരിക്കുന്നു. 

2016– 17 കാലയളവില്‍ 6 കോടി 20 ലക്ഷം രൂപയ്ക്ക് പേവിഷ പ്രതിരോധ മരുന്ന് വാങ്ങി സംസ്ഥാനം. 2020 ല്‍ 11 കോടിയായി പ്രതിരോധ മരുന്ന് ചെലവ് ഉയര്‍ന്നു.  2020 –21 ല്‍ 13 കോടിയും 22ല്‍  16 കോടിയും ചെലവാക്കി. കഴിഞ്ഞവര്‍ഷം മരുന്ന് ചെലവ് 22 കോടിയായി കുതിച്ചുയര്‍ന്നു  . വിവിധ  മൃഗങ്ങളില്‍  നിന്നുളള പേവിഷബാധ തടയാന്‍  9 വര്‍ഷത്തിനിടെ  സംസ്ഥാനം ചെലവഴിച്ചത് 104  കോടി 83 ലക്ഷം രൂപ. ഭൂരിഭാഗം പേരും ചികില്‍സ തേടിയത് തെരുവു നായ്ക്കളുടെ കടിയേറ്റ്.  

2024 ല്‍ – 316793 പേര്‍ക്കാണ് നായ്ക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റത്. തലസ്ഥാന ജില്ലയാണ് നായ ആക്രമണത്തിലും മുമ്പില്‍.  50870 പേര്‍ ചികില്‍സ തേടി. ഈ ജനുവരി മുതല്‍  മാര്‍ച്ച് വരെ മാത്രം   100504 പേരെ നായ്ക്കള്‍ ആക്രമിച്ചുവെന്ന കണക്കുകള്‍ നായ്പേടിയുടെ ഭീകരാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. 

₹104 crore spent on anti-rabies vaccine; CM's project fails too

ENGLISH SUMMARY:

Street dog control completely fails in the state—₹104.83 crore spent on anti-rabies vaccine in the past nine years. In 2024 alone, 316,000 people sought treatment after dog bites. In just the first three months of this year, 154,000 people were bitten by dogs.