സംവിധായകര്‍ പ്രതിയായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സംവിധായകന് സമീര്‍ താഹിറിന് നോട്ടീസയച്ച് എക്സൈസ്. സമീറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് സിനിമാക്കാരുടെ ലഹരി ഹബായിരുന്നുവെന്നും രാസലഹരിയടക്കം ഇവിടെ എത്തിയിരുന്നുവെന്നും എക്സൈസിന് വിവരം ലഭിച്ചു. വിദേശത്ത് ഉത്പാദിപ്പിക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉറവിടവും വിതരണക്കാരെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ വ്യക്തമാക്കി.
സംവിധായകന് സമീര്‍ താഹിറിന്റെ അറിവോടെയാണ് മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ ലഹരിയുപയോഗം നടന്നിരുന്നതെന്നാണ് എക്സൈസിന്റെ നിഗമനം. സിനിമക്കാര്‍ പതിവായി ഒത്തുകൂടിയിരുന്നു സമീറിന്റെ 506ആം നമ്പര്‍ ഫ്ലാറ്റ് ഒരുമാസത്തിലേറെയായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് മാത്രമല്ല അതിനപ്പുറമുള്ള ലഹരിമരുന്ന് ഇവിടെ എത്തിയിരുന്നുവെന്ന് എക്സൈസ് ഉറപ്പിക്കുന്നു. മാര്‍ച്ച് പതിനാറിന് ഫ്ലാറ്റില്‍ എക്സൈസ് സംഘം പരിശോധനയ്ക്കെത്തിയെങ്കിലും സിനിമക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
സമീര്‍ താഹിറിനോട് ഒരാഴ്ചക്കകം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സംവിധായകര്‍ക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനാണ് എക്സൈസിന്റെ ശ്രമം. ബാങ്കോക്കിലും മലേഷ്യയിലും ഉത്പാദിപ്പിക്കുന്ന കഞ്ചാവിന്റെ വിതരണക്കാര്‍ ചില്ലറക്കാരല്ലെന്ന് എക്സൈസ് ഉറപ്പിക്കുന്നു. കഞ്ചാവ് വിതരണം ചെയ്തയാളെ പരിചയപ്പെടുത്തിയ യുവാവിനെ ഇന്ന് ചോദ്യം ചെയ്യും. ഇതുവഴി ഉറവിടത്തിലേക്ക് എത്താനാകുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ. സമീര്‍ താഹിറിനെ ചോദ്യം ചെയ്ത ശേഷം കേസില്‍ പ്രതികളായ സംവിധായകര്‍ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കും.