തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ പ്രതിഷേധം തുടരുന്നു. അടിപ്പാത നിർമാണ കേന്ദ്രങ്ങളിൽ കുരുക്ക് പരിഹരിക്കാതെ ദേശീയപാത അധികൃതർ ടോൾ പിരിവ് പുനരാരംഭിക്കാൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിനു കാരണം. എ.ഐ.വൈ.എഫ് പ്രവർത്തകർ ബലംപ്രയോഗിച്ച് ടോൾപ്ലാസ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു.
പാലിയേക്കരയിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിയതിന് അധികം ആയുസുണ്ടായില്ല. ദേശീയപാത അധികൃതർ കലക്ടർക്കു മേൽ സമ്മർദ്ദം ചെലുത്തിയാണ് ഉത്തരവ് പിൻവലിപ്പിച്ചത്. ദേശീയപാതയിലെ അടിപ്പാത നിർമാണ കേന്ദ്രങ്ങളിൽ കുരുക്ക് ഒഴിവാക്കാൻ ഉടൻ ശ്രമിക്കുമെന്ന് ദേശീയപാത അധികൃതർ ഉറപ്പുനൽകി. ഇതുകൂടി കണക്കിലെടുത്താണ് കലക്ടർ ഉത്തരവ് പിൻവലിപ്പിച്ചത്. ടോൾപിരിവ് നിർത്തണമെന്ന കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയതോടെ ദേശീയപാത അധികൃതർ വെട്ടിലായിരുന്നു. ടോൾപിരിവ് നേരിട്ട് പിരിക്കുന്നത് നിർത്തിയെങ്കിലും സ്കാനർ ഓഫ് ചെയ്യാത്തതിനാൽ ഫാസ്റ്റാഗുള്ള വാഹന ഉടമകളിൽ നിന്ന് പണം പോയി. അടിപ്പാത നിർമാണം കഴിയുന്നതുവരെ ടോൾപിരിക്കരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രക്ഷോഭത്തിനിറങ്ങി.
മഴക്കാലത്തിന് മുമ്പ് അടിപ്പാതകളുടെ നിർമാണം കഴിയുന്ന ലക്ഷണമില്ല. കനത്ത മഴകൂടി വരുന്നതോടെ തൃശൂർ– എറണാകുളം ദേശീയപാതയിലെ യാത്ര ദുരിതമാകുമെന്ന് ഉറപ്പാണ്. ടോൾ കൊടുത്ത് കുരുക്കിൽ കിടന്ന് യാത്ര ചെയ്യേണ്ട ഗതികേടിലാകും യാത്രക്കാർ.