എച്ച്. വെങ്കിടേഷ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാകും. എം.ആര്‍.അജിത്കുമാര്‍ ഉള്‍പ്പടെയുള്ളവരെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വെങ്കിടേഷിനെ നിശ്ചയിച്ചത്. പൊലീസില്‍ സൂപ്പര്‍ കോപ്പുകളില്ലെന്ന് സര്‍വീസില്‍ നിന്ന് വിരമിച്ച ഡി.ജി.പി കെ.പത്മകുമാര്‍ പറഞ്ഞു. വനംമേധാവിയായി രാജേഷ് രവീന്ദ്രനെ നിശ്ചയിച്ചു. കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകറും വിരമിച്ചതോടെ ഐ.എ.എസ് തലപ്പത്ത് ഉടന്‍ അഴിച്ചുപണി നടത്തും.

മുഖ്യമന്ത്രിയുമായും ജനങ്ങളുമായും ഒരുപോലെ ഇടപെടുന്ന പൊലീസിലെ അധികാര കേന്ദ്രം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പിയായതോടെ ആ ഗ്ളാമര്‍ പദവിയിലേക്ക് മുഖ്യമന്ത്രി തിരഞ്ഞെടുത്തത് വിശ്വസ്തനും ആരോപണ രഹിതമായ കരിയറിന് ഉടമയുമായ എച്ച്.വെങ്കിടേഷിനെ. പുതിയ പൊലീസ് മേധാവി വരുന്ന ഓഗസ്റ്റ് വരെ എ.ഡി.ജി.പി കസേര ഒഴിച്ചിടാമെന്ന പൊലീസ് തലപ്പത്തെ നിര്‍ദേശം തള്ളിക്കൊണ്ടാണ് വെങ്കിടേഷിന്‍റെ തിരഞ്ഞെടുപ്പ്. 

വിവാദങ്ങള്‍ അവസാനിച്ചതോടെ തിരിച്ചുവരാമെന്ന അജിത്കുമാറിന്‍റെയും അധികാരസ്ഥാനം സ്വപ്നംകണ്ട് മറ്റ് ചിലരുടെയും അഗ്രഹങ്ങള്‍ ഇതോടെ പൊലിഞ്ഞു. മാത്രവുമല്ല പൊലീസ് മേധാവി സ്ഥാനം ലഭിച്ചില്ലങ്കില്‍ അജിത്കുമാറിന് ഇനി ക്രമസമാധാന പദവിയിലേക്കെത്താനാവില്ലെന്നും ഉറപ്പായി. വെങ്കിടേഷ് ക്രമസമാധാനത്തിലേക്കെത്തുമ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് ഉള്‍പ്പടെ പുതിയാളെത്തിയേക്കും.

36 വര്‍ഷത്തെ സര്‍വീസിന് ശേഷം സേനയുടെ ആദരം ഏറ്റുവാങ്ങി പടിയിറങ്ങിയ കെ.പത്മകുമാര്‍ പൊലീസിന്‍റെ കൂട്ടായ്മയില്‍ നന്ദിയറിച്ചു.  പകരം അഗ്നിശമന മേധാവിയാകുന്ന മനോജ് എബ്രഹാം നാളെ ചുമതലയെടുക്കും.  ഗംഗാ സിങിന് പകരക്കാരനായി വനമേധാവിയാകുന്നത് രാജേഷ് രവീന്ദ്രനാണ്. 

ENGLISH SUMMARY:

Kerala Chief Minister appoints H. Venkatesh as ADGP for Law and Order, rejecting candidates like M.R. Ajith Kumar. K. Padmakumar, former DGP, comments on the absence of super cops. Rajesh Ravindran appointed as Forest Head and key reshuffles in KSEB leadership.