ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടപടിക്രമങ്ങള്‍ക്കായി അടുത്ത ദിവസം വിളിച്ചുവരുത്തിയേക്കും. നടന്‍മാരെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് എക്സൈസ്  അറിയിച്ചു. പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റുകള്‍ കണ്ടെത്തിയിരുന്നു. കുഷ് വേണോ എന്ന് തസ്‌ലീമയുടെ ചോദ്യത്തിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എക്സൈസ് സംഘം. ഹൈബ്രിഡ് കഞ്ചാവിന്‍റെ വിതരണ ശൃംഖലയിൽപ്പെട്ട  ആളുകളെ കണ്ടെത്താനാണിത്. പിടിയിലായ തസ്ലീമയുടെ ഫോണിലെ നമ്പറുകളിൽ സംശയാസ്പദമായവ കണ്ടെത്തി കൂടുതൽ ആളുകൾക്ക് നോട്ടീസ് നൽകും. സിനിമ മേഖലയുമായി ബന്ധമുള്ള തസ്ലീമയുടെ ഇടപാടുകൾ ലഹരിയുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമായിട്ടുണ്ട്. 

നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകൾ മറ്റെന്തോ കാര്യങ്ങൾക്കുള്ളതാണെന്ന സംശയമാണ് എക്സൈസ് അന്വേഷണ സംഘത്തിനുള്ളത്. പെൺവാണിഭ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിനാലും ഇതിനായി സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നുവെന്ന് മോഡലായ സൗമ്യയുടെ മൊഴിയും ഉള്ളതിനാൽ ഇക്കാര്യങ്ങളിൽ അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടേക്കും. 

മൊഴിയുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാൽ പൊലിസിന് കൈമാറും. ഹൈബ്രിഡ് കഞ്ചാവ് കേസിൽ മാത്രമാണ് ചോദ്യം ചെയ്തവർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. മറ്റ് കാര്യങ്ങൾ ആലപ്പുഴ എക്സൈസിന്‍റെ അന്വേഷണ പരിധിയിൽ വരുന്നതല്ല. പിടിയിലായ സുൽത്താൻ അക്ബറലി സ്വർണക്കടത്ത് ശ്യംഖലയിൽപ്പെട്ട ആളായതിനാൽ കേന്ദ്ര ഏജൻസികളെയും വിവരങ്ങൾ അറിയിക്കും.

അതേസമയം, സംവിധായകർ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിറിന് ഇന്ന് നോട്ടീസ് നൽകും. ഒരാഴ്ചയ്ക്കകം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടായിരിക്കും നോട്ടീസ്. സംവിധായകരെ ഒന്നരാഗ്രാമിലേറെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് സമീറിന്റെ ഫ്ലാറ്റിൽ നിന്നാണ്. ഫ്ലാറ്റിലെ ലഹരിയുപയോഗം സമീറിന്റെ അറിവോടെയാണെന്നാണ് എക്സൈസിന്റെ നിഗമനം. 

അറസ്റ്റ് നടപടികൾ ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കും. അന്നെ ദിവസം ഫ്ലാറ്റിലെത്തിയവരെയും ചോദ്യം ചെയ്യും. കഞ്ചാവ് കൈമാറിയ കൊച്ചി സ്വദേശി തമിഴ്നാട്ടിലാണെന്നാണ് വിവരം. ഇയാൾക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും.

ENGLISH SUMMARY:

Actor Sreenath Bhasi will be made a witness in the hybrid cannabis case reported from Alappuzha. He may be summoned in the coming days as part of legal procedures. The Excise Department clarified that there is no evidence to list the actors as accused. Chats between accused Tasleem and Sreenath Bhasi were recovered. In one of the chats, when Tasleem asked “Do you want kush?”, Bhasi replied “Wait”.