അതിരപ്പിള്ളി പദ്ധതി രൂപംമാറ്റി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമം . ജലവൈദ്യുതി പദ്ധതി വിനോദസഞ്ചാര സൗഹൃദമാക്കിയാണ് മാറ്റംവരുത്തിയത്. സാധ്യതാ പഠനത്തിനായി സി–എര്‍ത് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഉത്തരവിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ബാഹുബലി ഉള്‍പ്പടെ ഒട്ടേറെ സിനിമകളിലെ സുന്ദരകഥാപാത്രം .അതിരപ്പിള്ളി. ഇവിടെ വിനോദസഞ്ചാര സൗഹൃദ ജലവൈദ്യുതി പദ്ധതിസ്ഥാപിക്കാനാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നത്. മാര്‍ച്ച് 19 ന് ചേര്‍ന്ന മുഴുവന്‍സമയ ഡയറക്ടര്‍മാരുടെ യോഗതീരുമാനം അനുസരിച്ച് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കോഴിക്കോട് ആസ്ഥാനമായ സെന്റര്‍ ഫോര്‍ എണ്‍വിറോണ്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഹ്യൂമന്‍ സെറ്റില്‍മെന്‍റ്സ് അഥവാ സി–എര്‍ത്ത് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇതേയോഗത്തില്‍ത്തന്നെയാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി റീമോഡലിങ് ചെയ്യാന്‍ ധാരണയായതെന്ന് ഈമാസം 24 ന് പുറത്തിറിക്കിയ ഉത്തരവില്‍ പറയുന്നു.
അതിരപ്പിള്ളിയില്‍ മഴക്കാലത്തെ വെള്ളം മുഴുവന്‍ നിലവില്‍ ഒലിച്ചുപോകുന്നു. അണക്കെട്ടുവന്നാല്‍ 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന് മാത്രമല്ല, മഴക്കാലത്ത് ഒലിച്ചുപോകുന്ന വെള്ളം സംഭരിക്കാം. ബോട്ടിങ് നടത്താം, ജലവിമാനവും ഇറക്കാം. അതിരപ്പിള്ളി പരിസരത്ത് ഏകദേശം 9000 ഏക്കര്‍ ഭൂമിയില്‍ തോട്ടങ്ങളാണ്. അവിടെയെല്ലാം വിനോദസഞ്ചാര സാധ്യതകള്‍ കൂടുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ നിഗമനം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ടെന്നാണ് അറിയുന്നത്.