ട്രയല്‍ റണ്‍ കാലത്തുതന്നെ നേട്ടങ്ങള്‍ക്കുമേല്‍ നങ്കൂരമിട്ടാണ് വിഴിഞ്ഞം രാജ്യന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ ഉള്‍പ്പെടേ 250ഓളം കപ്പലുകള്‍  വിഴിഞ്ഞത്തെത്തി. ഇവയില്‍ പലതും ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് എത്തുന്നത്. മാസം ഒരു ലക്ഷം കണ്ടെയ്നറുകള്‍ വരെ കൈകാര്യം ചെയ്ത് ചരക്ക് കൈമാറ്റത്തില്‍ ദക്ഷിണേന്ത്യയിലെ മുന്‍നിര തുറമുഖമായി ഇതിനകം വിഴിഞ്ഞം മാറി. എട്ട് മാസത്തെ ട്രയല്‍ റണ്‍ കാലം ലോകത്തിന് മുന്നില്‍ വിഴിഞ്ഞം തുറമുഖത്തിന്‍റെ സാധ്യതകളുടെ പ്രകാശനം കൂടിയായിരുന്നു. ലോക വ്യാപാര ഭൂപടത്തിലേക്കുള്ള ഇന്ത്യയുടെ സമുദ്ര കവാടമെന്ന വിളിപ്പേര് അന്വര്‍ഥമാക്കുന്ന നേട്ടങ്ങളാണ് ഈ കലയളവില്‍ വിഴിഞ്ഞം നേടിയത്. 

2024 ജൂലൈ 11. വിഴിഞ്ഞ് ആദ്യ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ നങ്കൂരമിട്ടു. പിന്നെ വിഴിഞ്ഞത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ലോകത്തെ വന്‍കിട കപ്പലുകള്‍ ഒന്നൊന്നായി വിഴിഞ്ഞം തീരമണഞ്ഞു.  ഇതുവരെയെത്തിയത്  250ഓളം  കപ്പലുകള്‍ . എം.എസ്.സി തുര്‍ക്കിയ, ക്ലോഡിയ ഗിറാഡെറ്റ് തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകള്‍ ഉള്‍പ്പെടേ.  കണ്ടെയ്നര്‍ കൈമാറ്റത്തിലും വിഴിഞ്ഞം റെക്കോഡുകള്‍ ഭേദിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ 51 കപ്പലുകളാണ് വിഴിഞ്ഞം തീരമണിഞ്ഞത്. 1.08 ലക്ഷം കണ്ടെയനറുകള്‍ കൈകാര്യം ചെയ്തു. ഫെബ്രുവരിയില്‍ എത്തിയ 40 കപ്പലുകളില്‍ നിന്നായി 78,833 ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയത്. ദക്ഷിണേന്ത്യയിലെ 15 തുറമുഖങ്ങളില്‍ കണ്ടെയ്നര്‍ കൈമാറ്റത്തില്‍ വിഴിഞ്ഞം ഒന്നാമതെത്തി. 

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയാണ് എം.എസ്.സി അഥവ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി. എം.എസ്.സിയുടെ വിഖ്യാതമായ ജെയ്ഡ് സര്‍വ്വീസിന്‍റെ ഭാഗമാണ് ഇപ്പോള്‍ വിഴിഞ്ഞം. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ വ്യാപാര ഗതാഗത ശൃഘലയുടെ ഭാഗമായി വിഴിഞ്ഞം.  ചൈന–കിഴക്കേഷ്യ–മിഡിലീസ്റ്റ് എന്നീ പ്രധാന കപ്പല്‍ വ്യാപാര മേഖല ഉള്‍പ്പെടുന്നതാണ് ജെയ്ഡ് സര്‍വ്വീസ്. ഇതുവഴി 15000ലധികം ടി.ഇ.യു കണ്ടെയ്നര്‍ ശേഷിയുള്ള  എം.എസ്,സിയുടെ കപ്പലുകളെല്ലാം വിഴിഞ്ഞത്തെത്തും. കൊളംബോ, സിംഗപ്പൂര്‍ തുങ്ങിയ പോര്‍ട്ടുകളെ ബന്ധപ്പെടാതെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ചൈന, തെക്ക് കിഴക്കേഷ്യ, മിഡിലീസ്റ്റ് രാജ്യങ്ങളിലേക്ക് നേരിട്ടെത്തിക്കാം. ഇത് വിഴിഞ്ഞം  ഇന്ത്യയിലെ മാത്രമല്ല, ദക്ഷിണേഷ്യയിലെ തന്നെ പ്രധാന വ്യാപര കേന്ദ്രമാക്കും. 

ENGLISH SUMMARY:

Vizhinjam has achieved achievements in this era that justify its nickname as India's maritime gateway to the world trade map.