സിനിമ നടന്‍മാരും സംവിധായകരും പ്രതികളാകുന്ന ലഹരിക്കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ കൊച്ചിയിലെ സിനിമ സങ്കേതങ്ങളില്‍ സംയുക്ത പരിശോധനയ്ക്കൊരുങ്ങി അന്വേഷണ ഏജന്‍സികള്‍. സംസ്ഥാന-കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ പരിശോധനകളുണ്ടാകുമെന്ന് കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. സംവിധായകര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതൽ നടന്മാരിലേക്കും സംവിധായകരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിക്കും.

പരിശോധനയ്കെത്തിയ ഡാന്‍സാഫ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് കടന്ന ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തത് ഈ മാസം പത്തൊന്‍പതിനാണ്. എക്സൈസിന്‍റെ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിലായത് ഇന്നലയും. മേക്കപ്പ് മാനും അസിസ്റ്റന്‍റ് ഡയറക്ടര്‍മാരുമടക്കം സിനിമയിലെ അണിയറപ്രവര്‍ത്തകരും കഴിഞ്ഞ നാളുകളില്‍ പരിശോധനകളില്‍ കുടുങ്ങി. 

സിനിമ മേഖലയിലെ ലഹരിവ്യാപനത്തിന്‍റെ ആഴം വ്യക്തമായതോടെയാണ് കൊച്ചിയിലെ സിനിമക്കാരുടെ സങ്കേതങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്. സെറ്റുകള്‍ക്ക് അപ്പുറം സിനിമക്കാര്‍ ഒത്തുകൂടുന്ന ഫ്ലാറ്റുകള്‍ ഹോട്ടലുകള്‍ അടക്കം പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. സംവിധായകരെ അറസ്റ്റ് ചെയ്ത സമീര്‍ താഹിറിന്‍റെ ഫ്ളാറ്റ് ലഹരിയിടപാടുകാരുടെ സങ്കേതമാണെന്ന നിർണായക വിവരം എക്സൈസിന് ലഭിച്ചു.  ഇതേ കെട്ടിടത്തിലെ താമസക്കാരായ നടന്മാരടക്കം ഫ്ലാറ്റിൽ പതിവായി ഒത്തുകൂടിയിരുന്നു. ഫ്ലാറ്റിന്‍റെ ഉടമ സംവിധായകൻ സമീർ താഹിറിനെ ഉടൻ ചോദ്യം ചെയ്യും. 

ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊച്ചിയിലെ ലഹരിക്കേസിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷൈന്‍റെ ഫോണ്‍ പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഷൈന്‍റെ ലഹരിപരിശോധന ഫലം വൈകുമെന്നും വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡിസിപി വ്യക്തമാക്കി.

ENGLISH SUMMARY:

As the number of drug-related cases involving film actors and directors rises, investigation agencies are preparing for joint inspections at film studios in Kochi. The joint inspections will be conducted with cooperation from both state and central agencies, as confirmed by Kochi Commissioner Putt Vimaladitya. The excise investigation will also be extended to more actors and directors involved in drug-related cases. Recently, actor Shine Tom Chacko was charged by North Police, and filmmakers Khalid Rahman and Ashraf Hamsa were arrested after excise raids. Investigations have also caught several crew members, including makeup artists and assistant directors, in recent drug checks.