മോട്ടോര്‍ വാഹനവകുപ്പില്‍ കൂട്ടസ്ഥലംമാറ്റം. 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെയാണ് സ്ഥലംമാറ്റിയത്. സംസ്ഥലംമാറ്റ നടപടിയും 48 മണിക്കൂറിനകം ചുമതലയെടുക്കണമെന്ന നിര്‍ദേശവും ചട്ടവിരുദ്ധമെന്ന് ആരോപിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്ത്. സംസ്ഥാനത്തെ ഭൂരിഭാഗം ഓഫീസിലെയും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പ്കെടര്‍മാര്‍ മാറും.
2022ന് ശേഷം ആദ്യമായാണ് മോട്ടോര്‍ വാഹനവകുപ്പില്‍ ഇത്രയും വലിയ കൂട്ടസ്ഥലംമാറ്റം. വകുപ്പിലെ ഉദ്യോഗസ്ഥര്‍, റോഡിലിറങ്ങി പണിയെടുക്കേണ്ട എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും ആര്‍ടിഒ ഓഫീസുകളിലും ജോലി ചെയ്ത് പരിചയമുള്ളവരാകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ വിവിധ കോടതി ഉത്തരവുകളുടെ തടസമുള്ളതുകൊണ്ട് ഇത്തരം സ്ഥലംമാറ്റം നടന്നിട്ടില്ല. അതുകൊണ്ടാണ് രണ്ട് കൂട്ടരേയും പരസ്പരം സ്ഥലംമാറ്റുന്നത്.
48 മണിക്കൂറിനുള്ളില്‍ പുതിയ ഓഫീസിലെത്തണമെന്നും ഗതാഗത കമ്മീഷണറുടെ ഉത്തരവിലുണ്ട്. അവധി ദിവസമായ ശനിയാഴ്ചയ്ക്ക് തൊട്ടുമുന്‍പ് വെള്ളിയാഴ്ച രാത്രി ഉത്തരവിറക്കി തിങ്കളാഴ്ച രാവിലെ ജോയിന്‍ ചെയ്യണമെന്ന് നിര്‍ദേശിക്കുന്നത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നത് ഒഴിവാക്കുന്നതിനാണെന്നാണ് പ്രധാന ആക്ഷേപം.
മോട്ടോര്‍ വാഹനവകുപ്പില്‍ പൊതുസ്ഥലംമാറ്റം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുകയാണ്. അതിന് മുന്‍പുള്ള കൂട്ടസ്ഥലംമാറ്റം പൊതുസ്ഥലംമാറ്റം അട്ടിമറിച്ച് ഇഷ്ടക്കാരായവരെ താല്പര്യമുള്ള സ്ഥലങ്ങളില്‍ നിയമിക്കാനാണെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.