ഭീകരവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ നിറഞ്ഞത് നാടിന്റെ നോവും, വേദനയും, കണ്ണീരുപ്പും. ജനപ്രതിനിധികളടക്കം നിരവധി പേരാണ് രാമചന്ദ്രന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്.
ചെടിയും, പൂവും, പൂമ്പാറ്റകളും, അങ്ങനെ പച്ചപ്പ് നിറഞ്ഞ നീരാഞ്ജനമെന്ന വീട്ടിലേയ്ക്ക് 9.30 ന് മൃതദേഹമെത്തിച്ചു. വീടും, വഴിയും, വഴിയരികും രാമചന്ദ്രനെ കാണാനെത്തിയവരാൽ നിറഞ്ഞു. ഓരോരുത്തരായി അന്ത്യോപചാരമർപ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും വീട്ടിലെത്തി ബാഷ്പാഞ്ജലി നൽകി.
നേരത്തെ മൃതദേഹം ആശുപത്രിയിൽ നിന്ന് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിൽ എത്തിച്ചപ്പോഴും ഉണ്ടായത് അഭൂതപൂർമായ തിരക്ക്. കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ,ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.രാജീവ്, എ.കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എം.പി. എം.എൽഎമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തുള്ളവർ നിരവധി സാധാരണക്കാർ ഒക്കെ രാമചന്ദ്രനെ അവസാനമായി കാണാനും അന്ത്യോപചാരം അർപ്പിക്കാനും എത്തി.