. സംസ്ഥാനത്തെ ഐടി പാർക്കുകളിലും മദ്യശാലകൾക്ക് സർക്കാർ ചിയേർസ്. ഒരു പാർക്കിൽ ഒരു മദ്യശാലയാകും ഉണ്ടാവുക. 10 ലക്ഷം രൂപയാണ് വാർഷിക ലൈസൻസ് ഫീസെന്നും പുറത്തിറങ്ങിയ സർക്കാർ ഉത്തരവിൽ പറയുന്നു
2022ലെ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെങ്കിലും മാനദണ്ഡങ്ങൾ ആവാത്തത് കാരണം ഐടി പാർക്കുകളിലെ മദ്യശാല നീണ്ടു നീണ്ടു പോവുകയായിരുന്നു. ഈ വർഷത്തെ മദ്യനയത്തിൽ പ്രഖ്യാപിച്ച ശേഷം ഉടൻ മാനദണ്ഡങ്ങൾ പുറത്തിറക്കുകയായിരുന്നു. അടുത്തവർഷം തെരഞ്ഞെടുപ്പ് ആയതിനാൽ ഇപ്പോൾ നടപ്പാക്കിയില്ലെങ്കിൽ ഇനി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഡെവലപ്പർക്കാണ് മദ്യശാല തുടങ്ങാൻ അനുമതി ടെക്നോപാർക്ക് ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ ഡെവലപ്പർ അവരായതിനാൽ ഒരു മദ്യശാല മാത്രമേ വരികയുള്ളൂ.
ബാറുകളുടെ പ്രവർത്തന സമയമായ രാവിലെ 11 മണി മുതൽ രാത്രി 11 മണിവരെ ഐടി പാർക്കുകളിലെ മദ്യശാലകൾക്കും പ്രവർത്തിക്കാം. ഡ്രൈ ഡേയിൽ മദ്യശാല പ്രവർത്തിക്കില്ല. മറ്റു ലൈസൻസികളെപോലെ ഐടി പാർക്കുകളിലെ ലൈസൻസികൾക്കും ബവ്റിജസ് കോർപറേഷന്റെ ഗോഡൗണുകളിൽനിന്ന് മദ്യം വാങ്ങി മദ്യശാലയിൽ വിതരണം ചെയ്യാം.
ജോലി സമയത്ത് ജീവനക്കാർ മദ്യപിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട കമ്പനിയാണ് തീരുമാനം എടുക്കേണ്ടത്. പുറത്തുനിന്ന് വരുന്നവർക്ക് മദ്യം വിതരണം ചെയ്യില്ല. ഐടി കമ്പനികളുടെ അതിഥികളായെത്തുന്നവർക്ക് മദ്യം നൽകാം. മദ്യശാലയ്ക്ക് കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഡെവലപ്പർ ആണ് നൽകുക. മദ്യനയത്തിൽ പ്രഖ്യാപിച്ച ക്ലബ്ബ് മാതൃകയിലുള്ള മദ്യശാലയ്ക്ക് അനുമതി നൽകിക്കൊണ്ട് ഉത്തരവായി