പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സഞ്ചാരികള്‍ ട്രിപ്പ് റദ്ദാക്കിയതോടെ കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാരും പ്രതിസന്ധിയില്‍. സഞ്ചാരികള്‍ക്കായി വിമാനടിക്കറ്റും താമസവും ബുക്ക് ചെയ്ത വകയില്‍ വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ഏജന്‍സികള്‍ പറയുന്നു. കഴിഞ്ഞമാസം മലബാറില്‍ നിന്നുമാത്രം പതിനായിരത്തോളം പേര്‍ കശ്മീര്‍ സന്ദര്‍ശിച്ചതായാണ് കണക്ക്.
മലയാളികളായ വിനോദസഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനാണ് കശ്മീര്‍. സീസണ്‍ കഴിയാറായെങ്കിലും പല ട്രാവല്‍ ഏജന്‍സികള്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്ത നാലും അഞ്ചും കശ്മീര്‍ ഗ്രൂപ്പ് ട്രിപ്പുകള്‍ ബാക്കിയുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം വിമാനടിക്കറ്റും താമസ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ട്രിപ്പുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ ഇതെല്ലാം റദ്ദാക്കേണ്ട അവസ്ഥയിലാണ് ടൂര്‍ ഒാപ്പറേറ്റര്‍മാരും.
വിമാനടിക്കറ്റ് ഉള്‍പ്പെടെ 25000 മുതല്‍ 50000 രൂപ വരെയായിരുന്നു കശ്മീര്‍ ട്രിപ്പിന്റ നിരക്ക്. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ സാഹചര്യത്തില്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള അയല്‍രാജ്യങ്ങളിലേക്കുമുള്ള ട്രിപ്പുകളും സഞ്ചാരികള്‍ ഉപേക്ഷിക്കുകയാണ്. രണ്ടുവര്‍ഷമായി കേരളത്തില്‍ നിന്നുള്ള ആഭ്യന്തര ടൂര്‍, സീസണ്‍ പോലും നോക്കാതെ വര്‍ധിച്ച സാഹചര്യമായിരുന്നു. ഇതിനാണ് പഹല്‍ഗാം ഭീകരാക്രമണം പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്