പാലക്കാട് മംഗലംഡാം  മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തിൽ കൊമ്പ് മുറിക്കാൻ കയറിയ തൊഴിലാളി മരത്തില്‍ കുടുങ്ങി മരിച്ചു. കയറാടി നഗര്‍ സ്വദേശി ശിവനാണ് മരിച്ചത്. സ്വകാര്യ പറമ്പിലുണ്ടായിരുന്ന മരത്തിന്റെ കൊമ്പ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷക്കു വേണ്ടി അരയില്‍ കയറുകെട്ടി മരത്തിൽ ബന്ധിപ്പിച്ച് കൊമ്പ് മുറിച്ചപ്പോൾ മുറിച്ച കൊമ്പ് കാലിന്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു. ഏറെ നേരം കുടുങ്ങിക്കിടന്ന ശിവന്‍ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.