നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിൽ തുടർനടപടികൾ തീരുമാനിക്കാൻ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തിന്റെ നിർണായക യോഗം ഇന്ന്. രണ്ടാംഘട്ട ചോദ്യംചെയ്യലിന് മുന്നോടിയായി ഷൈന്‍റെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി പരിശോധിക്കും. ഷൈനിന്‍റെ ഫോണ്‍ ഫൊറൻസിക് പരിശോധനക്ക് അയക്കാൻ കോടതിയില്‍ അപേക്ഷ നൽകും. അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്‌ലിമയെ ഇന്ന് ചോദ്യം ചെയ്യും. തസ്‌ലിമയുടെ സിനിമാബന്ധത്തിലും അന്വേഷണസംഘം വ്യക്തത തേടും. പെണ്‍വാണിഭ ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. ഷൈന്‍– തസ്‍ലിമ സാമ്പത്തിക ഇടപാടുകള്‍ എന്തിനെന്ന് പരിശോധിക്കും.
ഷൈനുമായി സാമ്പത്തികയിടപാട് നടത്തിയവരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. നിരവധിപേരുമായി നടത്തിയിട്ടുള്ള പണമിടപാട് ലഹരിയുമായി ബന്ധപ്പെട്ടാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഷൈന്‍റെ മൊബൈല്‍ പരിശോധിച്ചപ്പോളാണ് 2000 മുതൽ പതിനായിരം രൂപ വരെയുള്ള നിരവധി ഇടപാടുകള്‍ കണ്ടെത്തിയത്. പണം കൈമാറിയവരില്‍ കൊച്ചിയിലെ മുഖ്യ ലഹരിയിടപാടുകാരന്‍ സജീര്‍ ഉള്‍പ്പെടെയുണ്ട്. മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന ഷൈന്‍റെ മൊഴി കൂടി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഇതെല്ലാം ലഹരിയിടപാടുകളുടെ ഭാഗമെന്ന് ഏറെക്കുറെ ഉറപ്പിക്കുകയാണ് പൊലീസ്.
അന്വേഷണ സംഘത്തിന്‍റെ യോഗത്തിനൊപ്പം നടി വിന്‍സി അലോഷ്യസിന്റെ പരാതിയിൽ ഇന്റേണൽ കംപ്ളെയിന്റ്സ് കമ്മറ്റി ഇന്ന് മൊഴിയെടുക്കും. സിനിമാസെറ്റിൽ ലഹരി ഉപയോഗിച്ച് ഷൈൻ തന്നോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് മൊഴിയെടുപ്പ്. വൈകിട്ട് മൂന്നിന് കൊച്ചിയിൽ ഫിലിം ചേമ്പറിന്റെ അടിയന്തര മോണിറ്ററിങ് കമ്മിറ്റി യോഗം വിഷയം പരിഗണിക്കും. അതേ സമയം നടൻ ഷൈൻ ടോമിനെതിരെ താരസംഘടന അമ്മയുടെ നടപടി വൈകും. ഷൈനിന്റെ വിശദീകരണം വൈകിയാൽ ജൂണിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിലേക്ക് നടപടിക്കായി അച്ചടക്കസമിതി ശുപാർശ നൽകിയേക്കും.