ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളെന്നും ഫിലിം ചേംബര്‍. സിനിമാമേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച്  സംസ്ഥാന സർക്കാരിനെതിരെ സമരപരിപാടികൾക്കും ഫിലിം ചേംബർ തുടക്കമിട്ടിട്ടുണ്ട്. KSFDC തിയറ്ററുകൾ‌ക്ക് ജനുവരി മുതൽ സിനിമ നൽകില്ലെന്നാണ് ഫിലിം ചേംബർ  തീരുമാനം. പത്ത് വർഷമായി തുടരുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ഉണ്ടാകുമെന്നും ചേംബർ പ്രഖ്യാപിച്ചു.

ഈ വർഷം ഇതുവരെ റിലീസായ ചിത്രങ്ങളിൽ ഏറിയ പങ്കും തിയറ്ററുകളിൽ പരാജയപ്പെട്ടെന്നും അങ്ങനെ പ്രതിസന്ധിയുള്ള മേഖലയിൽ സർക്കാർ അവഗണന സ്ഥിതി ഗുരുതരമാക്കുന്നുവെന്നുമാണ് ചേംബർ നിലപാട്. GSTക്ക് പുറമേയുള്ള വിനോദ നികുതി പിൻവലിക്കുക, തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തത് സിനിമ മേഖലയോടുള്ള കടുത്ത അവഗണനയാണെന്ന് ചേംബർ വിലയിരുത്തി.

KSFDC തിയറ്റർ ബഹിഷ്കരണം തുടക്കം മാത്രമാണെന്ന് പറഞ്ഞാണ് അനിശ്ചിതകാല സമരം ഉൾപ്പെടെ ഉണ്ടാകുമെന്ന് ഫിലിം ചേംബർ മുന്നറിയിപ്പ് നൽകുന്നത്. നേരത്തെ ഈ വിഷയം മുൻനിർത്തി ചേംബർ സിനിമാ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അനുഭാവപൂർണം വിഷയം പരിഗണിക്കാമെന്ന് സർക്കാർ പറഞ്ഞതോടെ പിന്മാറിയ ഫിലിം ചേംബർ പുതിയ സാഹചര്യത്തിൽ സമരമല്ലാതെ മാർഗമില്ലെന്നും കൊച്ചിയിൽ എക്സിക്യൂട്ടീവ് യോഗ ശേഷം പറഞ്ഞു.

ENGLISH SUMMARY:

Film chamber initiates protests against the state government due to neglect of the cinema sector. The film chamber decided to not supply films to KSFDC theaters from January.