ഫോട്ടോ: ഹരിലാല്‍
കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ വീണുമരിച്ച നാലുവയസുകാരന്‍ അഭിരാമിനെ അവസാനമായി കാണാന്‍ പോപ്പിയെത്തി. അഭിറാമിന്‍റെ പ്രിയ കൂട്ടുകാരനായിരുന്നു വീട്ടിലെ വളര്‍ത്തു നായ ആയ പോപ്പി. ഞായറാഴ്ചയാണ് അഭിറാമിന്‍റെ മൃതദേഹം സംസ്കരിച്ചത്.
അഭിറാമിന്‍റെ മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് അഭിറാമിന്‍റെ അഛന്‍ അജിയും അപ്പൂപ്പന്‍ ചെല്ലപ്പനും ചേര്‍ന്ന് പോപ്പിയെ കൂട്ടില്‍ നിന്നിറക്കി അവസാനമായി അഭിറാമിനെ കാണിക്കാന്‍ എത്തിയത്. മലയാള മനോരമ പത്തനംതിട്ട യൂണിറ്റിലെ ഫോട്ടോഗ്രഫര്‍ ഹരിലാലിന്‍റെ കാമറയിലാണ് ചിത്രം പതിഞ്ഞത്.
കുട്ടിക്കാലം മുതല്‍ അഭിറാമിന്‍റെ പ്രിയ കൂട്ടുകാരനായിരുന്നു പോപ്പി. ഒരിക്കല്‍ അഭിറാം സൈക്കിളില്‍ നിന്ന് വീണ സമയം മുറ്റത്ത് ആരും ഉണ്ടായിരുന്നില്ല. പോപ്പിയാണ് അന്ന് കുരച്ച് ബഹളം വച്ച് അമ്മ ശാരിയെ അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മയ്ക്കൊപ്പം കോന്നി ആനക്കൂട് കാണാനെത്തിയ അഭിറാം കോണ്‍ക്രീറ്റ് തൂണ്‍ ഇളകി തലയില്‍ വീണ് മരിച്ചത്. കടമ്പനാട് സ്വദേശികളായ ശാരി – അജി ദമ്പതികളുടെ ഏകമകനായിരുന്നു നാലുവയസുകാരന്‍ അഭിറാം.
അഭിറാമിന്‍റെ ആഗ്രഹപ്രകാരം ആണ് ആനകളെ കാണാന്‍ എത്തിയത്. ആനകളെ കണ്ട് വരും വഴി ഫോട്ടോയെടുക്കാന്‍ നിന്നപ്പോഴാണ് ഇളകി നിന്ന കോണ്‍ക്രീറ്റ് തൂണ്‍ ഇളകി തലയില്‍ വീണത്. അപകടത്തെ തുടര്‍ന്ന് ആനക്കൂട്ടിലെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. ആനക്കൂട് അനിശ്ചിത കാലത്തേക്ക് അടച്ചു.