പത്തനംതിട്ട കോന്നിയില്‍ സിപിഐക്കെതിരെ മല്‍സരിക്കുന്ന സിപിഎം നേതാവ് സമുദായം പറഞ്ഞ് വോട്ട് തേടിയതായി പരാതി. പതിനഞ്ചാം വാര്‍ഡിലെ സ്ഥാനാര്‍ഥിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.ജി.ഉദയകുമാറിനെതിരെയാണ് ആരോപണം. സിപിഎം പിന്തുണയോടെ തന്നെയാണ് ഉദയകുമാര്‍ മല്‍സരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് എന്‍എസ്എസ് കരയോഗം പ്രാദേശിക ഗ്രൂപ്പില്‍ വിഡിയോ വന്നത്. താന്‍ മാത്രമാണ് മല്‍സരിക്കുന്ന സമുദായാംഗം. സിപിഎം പിന്തുണയുണ്ട്. എല്ലാവരും വോട്ട് ചെയ്യണം എന്നാണ് ഉദയകുമാറിന്‍റെ അഭ്യര്‍ഥന. ഈ വിഡിയോ ചോര്‍ന്നു. ഇതോടെയാണ് പരാതി ആയത്. കോന്നി പഞ്ചായത്തില്‍ പുതിയതായി രൂപപ്പെട്ട വാര്‍ഡാണ് 15 എല്‍ഡിഎഫ് സീറ്റ് നല്‍കിയത് സിപിഐക്കാണ്. കെ.ജി. ശിവകുമാര്‍ സിപിഐ സ്ഥാനാര്‍ഥിയായി നോമിനേഷനും കൊടുത്തു. ഈ വാര്‍ഡ് തനിക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു ഉദയകുമാറിന്‍റെ നിലപാട്. ഉദയകുമാറും നോമിനേഷന്‍ കൊടുത്തു. ഇതോടെ സിപിഐ സ്ഥാനാര്‍ഥി കെ.ജി.ശിവകുമാറിന്‍റെ സഹോദരന്‍ കെ.ജി.ഉദയകുമാര്‍ അപരനായും രംഗത്ത് വന്നു.
ജില്ലയിലെ മറ്റെല്ലാ വിമതന്‍മാരേയും സിപിഎം പുറത്താക്കിയെങ്കിലും ഉദയകുമാറിനെ പുറത്താക്കിയിട്ടില്ല. ഉദയകുമാറിനൊപ്പം പ്രവര്‍ത്തനത്തിന് ഇറങ്ങിയവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ പ്രതിപക്ഷ നേതാവായിരുന്നു ഉദയകുമാര്‍.