മണലടിഞ്ഞ് പൊഴിമുഖം അടഞ്ഞ തിരുവനന്തപുരം മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി കൊല്ലത്തെ അഞ്ച് ഹാര്‍ബറുകൾ മീൻ വിൽപ്പനയ്ക്കായി ക്രമീകരിക്കും. മത്സ്യത്തൊഴിലാളി സംഘടനകളെ പങ്കെടുപ്പിച്ച് കൊല്ലം കലക്ടറേറ്റിൽ ചേർന്ന യോഗം സൗകര്യങ്ങൾ വിലയിരുത്തി. മുതലപ്പൊഴിയിലെ തൊഴിലാളികളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം ഉണ്ടാകും.
മുതലപ്പൊഴി മേഖലയിലെ മത്സ്യത്തൊഴിലാളികൾ കൊല്ലത്തേക്ക് എത്തിയാൽ മീൻ വില്പനയ്ക്ക് എല്ലാ സൗകര്യങ്ങളും ക്രമീകരിച്ച് നൽകാനാണ് ജില്ലാ കലക്ടർ എൻ. ദേവീദാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തത്. വാടി, പോർട്ട് കൊല്ലം എന്നീ രണ്ടു ഹാര്‍ബറുകളാണ് കൊല്ലത്തെ പ്രാദേശിക മത്സ്യത്തൊഴിലാളികൾ നിലവിൽ മീൻ വിൽപ്പന നടത്താനായി ഉപയോഗിക്കുന്നത്. മൂതാക്കര, തങ്കശ്ശേരി, ജോനകപ്പുറം എന്നിങ്ങനെ മൂന്നു ഹാർബറുകൾ കാര്യമായ ഉപയോഗമില്ലാതെ കിടക്കുന്നതാണ്. മുതലപ്പൊഴിയിലുള്ളവർക്ക് ഇത് സജ്ജമാക്കാനാണ് തീരുമാനം. മീൻ പിടിക്കുന്നതിലെ അശാസ്ത്രീയതയും നിരോധിത മീൻപിടിത്ത മാർഗങ്ങളും ഉണ്ടാകാൻ പാടില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടി. കളർ കോഡും ഉറപ്പാക്കണമെന്നാണ് ആവശ്യം. കൃത്യമായ നിരീക്ഷണം ഉണ്ടാകുമെന്നും പരാതികൾ പരിഹരിക്കുമെന്നും ഫിഷറീസ് ഉദ്യോഗസ്ഥർ തൊഴിലാളി സംഘടനകൾക്ക് ഉറപ്പ് നൽകി.
യോഗ തീരുമാനങ്ങൾ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കൂടാതെ കൊല്ലത്തെ സൗകര്യങ്ങളും ക്രമീകരണങ്ങളും മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളോടും വിശദീകരിക്കും. വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. -