തിരുവനന്തപുരത്ത്  35 വര്‍ഷത്തിലധികമായി വഴിയോരക്കച്ചവടം നടത്തുന്ന ശശീന്ദ്രനും ഭാര്യ സുധര്‍മയ്ക്കും തിരുവനന്തപുരം മ്യൂസിയത്ത് സ്മാര്‍ട്​സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷന്‍ നിര്‍മിച്ച കടമുറികളിലൊന്ന് നല്‍കാനുള്ള മന്ത്രിയുടെ അദാലത്ത് നിര്‍ദേശം കോര്‍പറേഷന്‍ അട്ടിമറിച്ചത് പരിശോധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. തന്‍റെ നിര്‍ദേശം ഉദ്യോഗസ്ഥർ മനഃപൂർവം നടപ്പാക്കാത്തതാണെങ്കിൽ കസേര തെറിക്കുമെന്ന് മന്ത്രിമനോരമ ന്യൂസിനോട് പറഞ്ഞു. ഉത്തരവ് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതര്‍ നടപ്പാക്കിയില്ലെന്ന മനോരമ ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടു. വീഴ്ച ആരുടേതെന്ന് മനസിലാക്കി തുടർനടപടിയുണ്ടാവുമെന്നും മന്ത്രി  പറഞ്ഞു.

മന്ത്രി എം.ബി രാജേഷിന്‍റെ അദാലത്തിന് പുല്ലുവില കല്‍പ്പിച്ച് തിരുവനന്തപുരം കോര്‍പറേഷന്‍. തിരുവനന്തപുരം മ്യൂസിയത്ത് സ്മാര്‍ട്​സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോര്‍പറേഷന്‍ നിര്‍മിച്ച കടമുറികളിലൊന്ന്, ഇവിടെ മുപ്പത്തിയഞ്ച് വര്‍ഷത്തിലധികമായി കച്ചവടം നടത്തുന്ന വൃദ്ധ ദമ്പതികള്‍ക്ക് നല്‍കാനുള്ള മന്ത്രിയുടെ അദാലത്ത് നിര്‍ദേശമാണ് കോര്‍പറേഷന്‍ അട്ടിമറിക്കുന്നത്. സ്വന്തമായൊരു വീടോ, മറ്റ് ജീവിത മാര്‍ഗമോ ഇല്ലാത്ത നിത്യരോഗികളായ രണ്ട് മനുഷ്യരോടാണ് കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ ക്രൂരത.

തിരുവനന്തപുരം മ്യൂസിയത്ത് കഴിഞ്ഞ 35 വര്‍ഷമായി വഴിയോരക്കച്ചവടം നടത്തുന്ന ശശീന്ദ്രനും ഭാര്യ സുധര്‍മയും. കൊറോണ കാലത്ത്, സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രകാരം പുതിയ കടകള്‍ നിര്‍മിക്കുന്നതിന് ഇവര്‍ കടകള്‍ പൊളിച്ചു. ഇവിടെ പത്ത് വര്‍ഷത്തിലധികമായി കച്ചവടം നടത്തുന്നവര്‍ക്കായിരിക്കും പുതിയ കടമുറികള്‍ ആദ്യം നല്‍കുകയെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍. പുതിയ കടകള്‍ അനുവദിച്ചപ്പോള്‍ ഏറ്റവും അര്‍ഹരായ ശശീന്ദ്രനും സുധര്‍മയും പുറത്ത്. 

മേയറുള്‍പ്പെടേയുള്ളവരെ കണ്ട് പലതവണ പരാതിപ്പെട്ടിട്ടും ഫലവുമുണ്ടായില്ല. തുടര്‍ന്നാണ്, മന്ത്രി എം.ബി രാജേഷിന്‍റെ നേതൃത്വത്തില്‍ നടന്ന ജില്ലാ തല തദ്ദേശ അദാലത്തില്‍ പരാതി നല്‍കിയത്. പരാതി ന്യായമാണെന്ന് കണ്ട മന്ത്രി, ഒഴിവുള്ള കടകളില്‍ ആദ്യത്തേത് ഇവര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചു. എട്ട് മാസം കഴിഞ്ഞു. മന്ത്രിയുടെ നിര്‍ദേശം കടലാസില്‍ തന്നെ. അദാലത്ത് നിര്‍ദേശം നടപ്പാക്കണമമെന്ന് മന്ത്രിയുടെ ഓഫീസ് പലതവണ ആവശ്യപ്പെട്ടിട്ടും കോര്‍പറേഷന് അനക്കമില്ല. റജി എന്ന ഉദ്യോഗസ്ഥനാണ് അദാലത്ത് നിര്‍ദേശം അട്ടിമറിക്കുന്നതിന് നേതൃത്വം കൊടുക്കുന്നതെന്ന് ശശീന്ദ്രന്‍ പറയുന്നു.

എഴുപത് വയസ്സുകാരനായ ശശി ഹൃദ്രോഗിയാണ്. അറുപത് വയസ്സുകാരിയയ സുധര്‍മയും രോഗിയാണ്. ഈ കച്ചവടത്തില്‍ നിന്നാണ് ഭക്ഷണത്തിനും മരുന്നിനും അരവിക്കരയിലെ വാടകവീടിനുമുള്ള വക കണ്ടെത്തുന്നത്. ഇത്രയും നിരാശ്രരായ മനുഷ്യരോടാണ് മന്ത്രിയുടെ വാക്കിന് പോലും വില കല്‍പ്പിക്കാതെ കോര്‍പറേഷനിലെ ചില ഉദ്യോസ്ഥര്‍ ഈ ക്രൂരത കാണിക്കുന്നത്. അതിന് പിന്നിലെ താല്‍പര്യം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.

ENGLISH SUMMARY:

If officials deliberately fail to implement his directives, they will lose their positions, Minister M.B. Rajesh told Manorama News. He was responding to a Manorama News report highlighting that the order was not implemented by Thiruvananthapuram Corporation authorities. The minister said he has taken note of the issue and assured that further action will follow after identifying who is responsible for the lapse.