കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രിന്‍സിപ്പലിന് സസ്പെന്‍ഷന്‍. പാലക്കുന്ന് ഗ്രീന്‍വുഡ്സ് കോളജ് പ്രിന്‍സിപ്പല്‍ പി.അജീഷിനെതിരെയാണ് നടപടി. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍ വുഡ് കോളജിലെ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷ വീണ്ടും നടത്താനും യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച കണ്ടെത്തിയതോടെ കോളജില്‍ നിന്ന് പരീക്ഷാ സെന്‍റര്‍ മാറ്റിയിരുന്നു.
അതേസമയം, ചോദ്യപ്പേപ്പര്‍ ചോര്‍ന്നതോടെ പരീക്ഷാ സെന്‍ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല. തിങ്കളാഴ്ച മുതല്‍ എല്ലാ കേന്ദ്രങ്ങളിലും ഒരോ നിരീക്ഷകരെ നിയോഗിക്കും. അണ്‍ എയ്‍ഡഡ് കോളജുകളിലാണ് നിരീക്ഷണം ശക്തമാക്കുക. ഇതിനായി 60 പേരെയാണ് സര്‍വകലാശാല ചുമതലപ്പെടുത്തുന്നത്. നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പരീക്ഷാ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുക.