TOPICS COVERED

പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി  ദേവാലയങ്ങളില്‍  ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്‍റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു.  

കൊച്ചി തിരുവാങ്കുളം സെന്റ് ജോർജ് പള്ളിയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. വിശ്വാസികൾ സമാധാനത്തിന്റെ ഉപകരണങ്ങളാകണമെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രിസ്തുവിന്റെ വിജയത്തിന്റെ പതാക വിശ്വാസികൾ ഏറ്റുവാങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.  തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നൽകി.  പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആയിരുന്നു ശുശ്രൂഷ. രാത്രി പത്തരയ്ക്ക് തുടങ്ങിയ ചടങ്ങ് പുലർച്ചെ വരെ നീണ്ടു നിന്നു. നൂറ് കണക്കിന് വിശ്വാസികൾ പ്രാർഥനകളിൽ പങ്കാളികളായി....

ഓർത്തഡോക്സ് സഭയിലെ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കാർമികത്വം വഹിച്ചു. കോട്ടയം വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പുലർച്ചെ രണ്ടുമണിയോടെ ശുശ്രൂഷകൾ ആരംഭിച്ചു.. ഉയർപ്പിന്റെ പ്രഖ്യാപനത്തിനുശേഷം കാതോലിക്കാ ബാവ വിശുദ്ധ കുർബാന അർപ്പിച്ചു...

മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ കത്തീഡ്രലില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഈസ്റ്റര്‍ ദിനത്തില്‍  അദ്ദേഹം എല്ലാവര്‍ക്കും സമാധാനമുണ്ടാകട്ടെ എന്നാശംസിച്ചു.  ലഹരി ഉപയോഗം വര്‍ധിക്കുന്നതിനൊപ്പം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നാട്ടില്‍ ഏറിവരികയാണെന്നും  പറഞ്ഞു.   കോഴിക്കോട്ടെ വിവിധ പള്ളികളിൽ ഈസ്റ്റർ ശുശ്രൂഷ കർമ്മങ്ങൾ നടന്നു. ദേവമാതാ കത്തീഡ്രലിൽ നടന്ന  പാതിരാകുർബാനയ്ക്ക് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. സമൂഹ പലവിധ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അവയെല്ലാം പരിഹരിക്കപ്പെടുമെന്ന പ്രത്യാശ വേണമെന്നും ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.

ENGLISH SUMMARY:

This Easter, Manorama News shares the powerful resurrection story of Jomon from Kaduthuruthy, Kottayam. Once on the verge of suicide, it took him eight years to rise again into life. Much like Christ who rose on the third day, Jomon's journey from despair to hope is a true gospel of inner strength and rebirth.