കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കേരള സര്‍വകലാശാലക്ക് നല്‍കാനുള്ളത് 82 കോടി പാട്ടക്കുടിശിക. സര്‍വകലാശാലയുടെ ഭൂമി വിട്ടു നല്‍കിയ ഇനത്തിലാണ് പണം ലഭിക്കാനുള്ളത്. 

കാര്യവട്ടം സ്പോർട്ട്സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജൻസിയും,  സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ ഗെയിംസ് സെക്രട്ടറിയേറ്റുമാണ് കേരള സര്‍വകലാശാലയുമായി 2012 ല്‍  കരാര്‍ ഒപ്പിട്ടത്. 37 ഏക്കര്‍ സര്‍വകലാശാല ഭൂമിയില്‍  വ്യാപിച്ചു കിടക്കുന്ന ഗ്രീന്‍ഫീല്‍ഡ്  സ്റ്റേഡിയം നടത്തിപ്പ് ഇവര്‍ ഏറ്റെടുത്തു.  82 കോടിയാണ് പാട്ടകുടിശിക ഇനത്തില്‍ കേരള സര്‍വകലാശാലക്ക്  ഇവരില്‍ നിന്ന് ലഭിക്കാനുള്ളത്. ഇതുവരെ ലഭിച്ചത് ആറുകോടി രൂപമാത്രം. പാട്ടത്തുക വാങ്ങാതെ കഴിഞ്ഞ 10 വർഷമായി സ്റ്റേഡിയം പ്രവർത്തിക്കാൻ അനുവദിച്ചതെങ്ങിനെ എന്ന ചോദ്യമാണ് ഉയരുന്നത്. വിസി അധ്യക്ഷനായ സ്റ്റേഡിയം മേൽനോട്ട സമിതി ശക്തമായ നടപടി സ്വീകരിക്കുകയോ പാട്ടക്കുടിശ്ശിക നേടിയെടുക്കാന്‍ശ്രമിക്കുകയോ ചെയ്യുന്നില്ലെന്ന പരാതി ശക്തമായി ഉയരുന്നുണ്ട്. 

സിനിമാ തിയേറ്ററുകൾ, റസ്റ്റോറൻറ്, സ്വിമ്മിംഗ് പൂൾ,കോൺഫറൻസ് ഹാളുകൾ,  ഓഡിറ്റോറിയം, ഒഫീസ് സമുച്ചയം എന്നീ സൗകര്യങ്ങളുള്ള  ഗ്രീന്‍ഫീല്‍ഡ് വേണ്ടവിധം ഉപയോഗപ്പെുത്തുന്നില്ല, അറ്റകുറ്റപണിയില്ല, 

മാര്‍ക്കറ്റിംങ് ഇല്ല എന്നീ ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ട്.  സ്റ്റേഡിയം സർവകലാശാല നേരിട്ട് ഏറ്റെടുക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും പ്രൊഫഷണല്‍ ഏജന്‍സിയെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുകയോ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. 

ENGLISH SUMMARY:

Greenfield International Stadium to be given to Kerala University as a lease payment of 82 crore