കോന്നി ആനക്കൂട്ടിലെ അപകടത്തില്‍ മരിച്ച നാലുവയസുകാരന്‍ അഭിറാമിനോട് വിടപറഞ്ഞ് നാട്. കണ്ണീരോടായാണ് നാട് അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയത്. വെള്ളിയാഴ്ചയാണ് ആനക്കൂട്ടിലെ കോണ്‍ക്രീറ്റ് തൂണ്‍ തലയില്‍ വീണ് അഭിറാം മരിച്ചത്.
അഭിറാം പഠിച്ചിരുന്ന അടൂര്‍ കടമ്പനാട് ഗണേശവിലാസം പ്രീപ്രൈമറി സ്കൂളിലായിരുന്നു ആദ്യം പൊതുദര്‍ശനം.ചലനമറ്റ അഭിറാമിനെക്കണ്ട് അധ്യാപകരും സഹപാഠികളും അവരുടെ രക്ഷിതാക്കളും പൊട്ടിക്കരഞ്ഞു.
തുടര്‍ന്ന് വീട്ടിലെത്തിച്ചു.നാടാകെ അഭിറാമിനെ കാണാന്‍ വീട്ടിലെത്തി.അയല്‍ക്കാര്‍ക്കും വീട്ടുകാര്‍ക്കും അഭിറാം അപ്പുക്കുട്ടനായിരുന്നു.അപ്പുവിനെ കണ്ട് ബന്ധുക്കളും അയല്‍ക്കാരും അലമുറയിട്ടു കരഞ്ഞു. അശ്രദ്ധയുടെ ഫലമായിരുന്നു അപകടമെന്നും കുടുംബത്തിന് എന്തുചെയ്യാന്‍ കഴിയും എന്നാണ് പരിശോധിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് അമ്മയ്ക്ക് ഒപ്പം ആനക്കൂട്ടിലെത്തിയ അഭിറാം കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് അതിനടിയില്‍പ്പെട്ട് മരിച്ചത്.ആനക്കൂട്ടിലെ അഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും സസ്പെന്‍ഷനിലാണ്.ജീവനക്കാരെ ബലിയാടാക്കി എന്ന ആരോപണവുമായി കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷനും രംഗത്തുണ്ട്