ലഹരി സംഘത്തെ തേടിയെത്തിയ ഡാന്‍സാഫ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി പൊള്ളാച്ചിവരെ പോയ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി, അതും അര മണിക്കൂര്‍ മുന്‍പേ. പത്തുമണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഷൈനിന് പൊലീസ് നോട്ടീസ് അയച്ചിരുന്നു. ഒന്‍പതര ആയപ്പോഴേക്കും ഷൈന്‍ സ്റ്റേഷനില്‍ ഹാജര്‍ !
സിനിമ സെറ്റുകളില്‍ നടന്‍ കൃത്യനിഷ്ഠ പാലിക്കാറുണ്ട്, അഭിനയത്തിന്‍റെ കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല എന്നാണ് സഹതാരങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ചോദ്യം ചെയ്യലിനും ഷൈന്‍ ആ കൃത്യനിഷ്ഠ പാലിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് കൊച്ചിയിലെ വേദാന്ത ഹോട്ടലിലേക്ക് ഡാന്‍സാഫ് സംഘമെത്തിയത്. കൊച്ചിയിലെ ലഹരി സംഘത്തിലെ മുഖ്യകണ്ണിയെ തേടിയെത്തിയ സംഘത്തിനു മുന്നിലൂടെ ഇറങ്ങിയോടിയതാകട്ടെ നടന്‍ ഷൈന്‍ ടോം ചാക്കോ.
ഹോട്ടലിന്‍റെ മൂന്നാംനിലയിലെ 314–ാം മുറിയിലുണ്ടായിരുന്ന ഷൈന്‍ മുറിയുടെ ജനാല വഴി രണ്ടാം നിലയിലേക്കാണ് എടുത്ത് ചാടിയത്. ചാട്ടത്തിന്‍റെ ആഘാതത്തില്‍ രണ്ടാം നിലയിലെ ഷീറ്റുകള്‍ പൊട്ടി. തുടര്‍ന്ന് സ്വിമ്മിങ് പൂളിലേക്ക് താരം ചാടുകയും അവിടെ നിന്ന് സ്റ്റെയര്‍കെയ്സ് വഴി ഇറങ്ങി ഓടുകയുമായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
ചോദ്യം ചെയ്യലിന് എത്തിയ നടന്‍ ഷൈന്‍ ടോം ചാക്കോ.
അഞ്ജാതന്‍റെ ബൈക്കില്‍ കയറി മറ്റൊരു ഹോട്ടലിലേക്ക്. അവിടെ നിന്ന് തൃശൂര്‍. പിന്നീട് പൊള്ളാച്ചി. ഇങ്ങനെ പലയിടത്തായി ഷൈന്‍ ഓടിക്കളിച്ചു. ഇതിനിടെ പൊലീസിനെയും മാധ്യമങ്ങളെയുമടക്കം പരിഹസിച്ച് ഇന്‍സ്റ്റഗ്രാം റീലുമിട്ടു. എന്നാല്‍ എന്തിനാണ് ഷൈന്‍ ഇങ്ങനെ ഇറങ്ങിയോടിയത് എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഷൈന്‍ താമസിച്ച മുറി പരിശോധിച്ച പൊലീസിന് ലഹരി വസ്തുക്കള്‍ ഒന്നും കണ്ടെടുക്കാനായില്ല.
സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന നടി വിന്‍ സി അലോഷ്യസിന്‍റെ പരാതി ഷൈനിനെതിരെ ഉയരുകയും അതിന്‍റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് ഷൈനിന്‍റെ ഈ ഓട്ടപ്പാച്ചില്‍. താര സംഘടനയായ ‘അമ്മ’യടക്കം താരത്തോട് വിശദീകരണം തേടിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായതോടെ ഇനി കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.