Image Credit; AI Generated image

Image Credit; AI Generated image

ഓപ്പറേഷൻ തിയേറ്ററിൽ നടന്ന സർജറി രഹസ്യമായി ഫോണിൽ പകർത്തിയ താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. തിരുവനന്തപുരം   പാറശാല താലൂക്ക്   ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഓപ്പറേഷൻ തിയേറ്ററിലെ അനസ്തീഷ്യ ടെക്നിഷ്യനെയാണ് സൂപ്രണ്ട്  അന്വേഷണവിധേയമായി 30 ദിവസത്തേക്ക് ജോലിയിൽ നിന്ന് മാറ്റിനിർത്തിയത്. 

ഒരാഴ്ച‌ മുൻപ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയുടെ ദൃശ്യമാണ് അനസ്തീഷ്യ ടെക്നിഷ്യൻ ഫോണിൽ പകർത്തിയത്. ശസ്ത്രക്രിയയുടെ ദൃശ്യം ഫോണിൽ ചിത്രീകരിക്കുന്നത് തിയേറ്റർ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെയും, ഹെഡ് നഴ്സിന്റെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതും നടപടി കൈക്കൊണ്ടതും. 

തുടർന്ന് സൂപ്രണ്ടിൻറെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തി. അതിന് ശേഷം ആശുപത്രി ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് അനസ്തീഷ്യ ടെക്നിഷ്യനെതിരെ നടപടി കൈക്കൊണ്ടത്. ആശുപത്രി വികസന സമിതി മുഖേന നിയമിതനായ ആളാണ് ഈ ടെക്നീഷ്യൻ. തുടരന്വേഷണത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് നിത എസ്. നായർ പ്രതികരിച്ചു. 

ENGLISH SUMMARY:

Anesthesia technician suspended for filming surgery