alma-neyyattinkara-crime-n

നെയ്യാറ്റിന്‍കര വ്ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്‍റെ കാരണം സംശയരോഗവും കുഞ്ഞുങ്ങള്‍ വൈകുന്നതിലെ നിരാശയുമെന്ന് പൊലീസ്. അല്‍മയെ കൊലപ്പെടുത്താന്‍ വിഷ്ണു ഒരാഴ്ച മുന്‍പ് വെട്ടുകത്തി വാങ്ങി സൂക്ഷിച്ചിരുന്നതായും മൊഴിയുണ്ട്. കൊലപാതകം മറ്റാരും അറിയാതിരിക്കാനാണ് ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാര്‍ഥനാച്ചടങ്ങ് സമയം തെരഞ്ഞെടുത്തത്. 

കഴിഞ്ഞദിവസം രാവിലെയാണ് അല്‍മയെ വെട്ടിക്കൊലപ്പെടുത്തിയ വിഷ്ണു പൊലീസില്‍ കീഴടങ്ങിയത്. നവമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമായി ഇടപെട്ടിരുന്ന അല്‍മയോട് വിഷ്ണുവിന് വിയോജിപ്പായിരുന്നു. പലവട്ടം ഇക്കാര്യങ്ങള്‍ പറഞ്ഞ് ഇരുവരും വഴക്കിട്ടിരുന്നു. തര്‍ക്കത്തിനൊടുവിലാണ് വിഷ്ണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപ്പെടുത്താനുള്ള വെട്ടുകത്തി ഒരാഴ്ച മുന്‍പ് വാങ്ങി വീട്ടില്‍ ഒളിപ്പിച്ചിരുന്നു. വീടിന് സമീപത്തുള്ള പള്ളിയില്‍ പ്രാര്‍ഥന നടക്കുന്ന സമയം കൊലപാതകത്തിനായി തിരഞ്ഞെടുത്തത് അല്‍മയുടെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാനും, രക്ഷപ്പെടുത്താനോ, തടസം നില്‍ക്കാനോ മറ്റാരും വരാതിരിക്കാനുമാണ്. നവമാധ്യമങ്ങളിലെ ഇടപെടലുകളില്‍ നിന്നും പിന്മാറാന്‍ പലതവണ വിഷ്ണു ആവശ്യപ്പെട്ടെങ്കിലും അല്‍മ തയാറായിരുന്നില്ല. ഇത് വൈരാഗ്യം കൂട്ടി. സംശയത്തിനിടയാക്കി. 

ഒന്‍പത് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞുങ്ങളില്ലാത്തതിന്‍റെ നിരാശയും തര്‍ക്കവും കൊലപാതകത്തിന്‍റെ മറ്റൊരു കാരണമായിപ്പറയുന്നു. രാവിലെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ മുറിയില്‍ ഒളിപ്പിച്ചിരുന്ന വെട്ടുകത്തി എടുത്ത് വിഷ്ണു അല്‍മയുടെ കഴുത്തിലും വലതു ചെവിയുടെ പിന്നിലുമായി വെട്ടുകയായിരുന്നു. തലയിണ മുഖത്ത് അമര്‍ത്തി മരണം ഉറപ്പാക്കുകയും ചെയ്തു. സഹോദരന്‍റെ വീട്ടിലെത്തി വിഷ്ണുവാണ് കൊലപാതക വിവരം ഏറ്റുപറഞ്ഞത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ അല്‍മയുടെ മൃതദേഹം വെള്ളറടയിലെ കുടുംബ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനുശേഷം സംസ്ക്കരിച്ചു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ വിഷ്ണുവിനെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി വിഷ്ണുവിനെ അടുത്തദിവസം പാറശ്ശാല പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. 

ENGLISH SUMMARY:

Neyyattinkara crime news details the shocking murder of a young woman by her husband. Police suspect jealousy and disappointment over not having children fueled the horrific act.