ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് മറുപടിയുമായി എൻസിഇആർടി. നൽകിയ പേരുകൾ സംഗീതവുമായി ബന്ധപ്പെട്ടതാണെന്നും രാജ്യത്തെ സംഗീത പാരമ്പര്യം എല്ലായിടത്തും ഒരുപോലെയാണെന്നുമാണ് മറുപടി.
പുസ്തകമിറങ്ങുന്ന ഭാഷയിൽ പേര് നൽകുകയെന്ന കീഴ്വഴക്കം എൻസിഇആർടി ഇല്ലാതാക്കിയതിനെയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എതിർത്തത്. ആറാം ക്ലാസിലെ ഇംഗ്ലീഷ് മാത്സ് പാഠപുസ്തകത്തിന് മാത്തമാറ്റിക്സ് എന്നും, ഹിന്ദി പതിപ്പിന് ഗണിത് എന്നും ഉർദു പതിപ്പിന് റിയാസി എന്നുമായിരുന്നു വിളിച്ചിരുന്നത്. ഇപ്പോൾ ഒറ്റ പേര് ഗണിത പ്രകാശ്. ഹണിസക്കിൾ, ഹണികോംബ് എന്നായിരുന്നു 6,7 ക്ലാസുകളിലെ ഇംഗ്ലിഷ് പാഠപുസ്തകങ്ങളുടെ പേര്. അത് പൂർവി എന്നായി. 1,2 ക്ലാസുകളിലെ ഇംഗ്ലിഷ് പുസ്തകം മൃദംഗമായി. മൂന്നും നാലും ക്ലാസുകളിലെ പുസ്തകം സന്തൂർ. പേരുമാറ്റത്തെ അസ്വസ്ഥതയോടെ കാണേണ്ടതില്ലെന്നും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങളുടെയും സംഗീത ഉപകരണങ്ങളുടെയും പേരുകളാണ് നൽകിയിട്ടുള്ളത് എന്നുമാണ് എൻസിഇആർടിയുടെ വിശദീകരണം. തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരാണെന്നും പുന പരിശോധിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സംഗീതപാരമ്പര്യം എല്ലായിടത്തും ഒരുപോലെയാണെന്നാണ് ഇതിന് എൻസിഇആർടി നൽകിയിരിക്കുന്ന മറുപടി.