മുതലപ്പൊഴിയിൽ പൊഴിമുറിച്ച് താൽക്കാലിക പരിഹാരം കാണാനുള്ള സർക്കാർ നീക്കം മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് മുൻപിൽ പാളി. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾ മനുഷ്യ ചങ്ങല തീർത്തതോടെ ഉദ്യോഗസ്ഥരും പൊലീസും പിന്മാറി. തലസ്ഥാനത്തിരുന്ന് യോഗം നടത്തുന്നത് അവസാനിപ്പിച്ച് മുതലപ്പൊഴിയിൽ എത്തി മന്ത്രി ചർച്ച നടത്തണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
താൽക്കാലിക പരിഹാരത്തിനായി സർവ്വ സന്നാഹങ്ങളോടെയുമാണ് ഉദ്യോഗസ്ഥ സംഘം പൊഴി മുറിക്കാൻ മുതലപ്പൊഴിയിൽ എത്തിയത്. സുരക്ഷ ഒരുക്കാൻ കാക്കിപ്പടയുമുണ്ടായിരുന്നു. മണൽത്തിട്ട മണ്ണുവാരി യന്ത്രം ഉപയോഗിച്ച് മാറ്റി താൽക്കാലിക പരിഹാരമായിരുന്നു ലക്ഷ്യം. എന്നാൽ മണൽത്തിട്ട മുഴുവൻ മാറ്റി അഴിമുഖത്ത് അഞ്ച് മീറ്റർ ആഴം ഉറപ്പാക്കിയില്ലെങ്കിൽ മൽസ്യബന്ധം മുടങ്ങുമെന്നും സമീപത്തെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളം കയറുമെന്നുമാണ് മൽസ്യതൊഴിലാളികളുടെ വാദം.
ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ വന്ന ഉദ്യോഗസ്ഥർക്കും കഴിഞ്ഞില്ല. ഇതോടെ പ്രതിഷേധം ആളിക്കത്തി. പൊഴിക്ക് മുൻപിൽ വള്ളങ്ങൾ നിരത്തി. ഉദ്യോഗസ്ഥർക്ക് മുൻപിൽ മനുഷ്യ മതിൽതീർത്തു.