രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎക്കെതിരെ ഭീഷണി പ്രസംഗം ഉണ്ടായിട്ടില്ലെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. പ്രകോപനമുണ്ടാകുന്ന രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. ബിജെപി പ്രവർത്തകൻ എംഎൽഎയുടെ കാല് വെട്ടുമെന്ന് പറഞ്ഞതായി തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നും പ്രശാന്ത് ശിവൻ മാധ്യമങ്ങളോട് പറഞ്ഞു.
‘ദണ്ഡ് എടുത്തുവച്ചു എന്ന് പറയുന്നത്, ദണ്ഡ് എന്തിനുള്ളതാണ്? ധൈര്യമുണ്ടെങ്കില്‍ വന്നോളൂ എന്ന് പറഞ്ഞത് അവര്‍ ധൈര്യമായിട്ട് വരട്ടെ എന്നാണ്. ബിജെപി ഓഫീസിലേക്ക് വരാന്‍ പേടിക്കുന്നത് എന്തിനാണ്? ഇതൊക്കെ കണ്ട് പേടിക്കുന്നവരോട് ഞങ്ങള്‍ക്കൊന്നും പറയാനില്ല’ – പ്രശാന്ത് പറഞ്ഞു. തല ആകാശത്ത് വച്ച് നടക്കേണ്ടി വരുമെന്നത് ആലങ്കാരികമായ പ്രയോഗമാണ്. കാലുകുത്താന്‍ അനുവദിക്കില്ല എന്നത് കാല് വെട്ടുമെന്നാക്കിയെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. കൊലക്കേസ് പ്രതിയാണ് ബിജെപി പാലക്കാട് ജില്ല പ്രസിഡന്‍റ് എന്ന സന്ദീപ് വാരിയരുടെ പരാമര്‍ശത്തോട് കൊലപാതകക്കേസില്‍ ശിക്ഷിച്ചില്ലല്ലോ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊലപാതകക്കേസില്‍ പ്രതികളാണെന്നും പ്രശാന്തിന്‍റെ മറുപടി.
എംഎൽഎ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എന്നാൽ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസെടുത്തില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ആരോപിച്ചു.