മുനമ്പത്തെ ഭൂപ്രശ്നത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യത്തിന് മോദിയുടെ ഗ്യാരണ്ടി എന്നതു മാത്രമാണ് തല്‍ക്കാലം കേന്ദ്രസര്‍ക്കാരിന്‍റെ മറുപടി. വഖഫ് നിയമഭേദഗതി തുണയ്ക്കുമോ എന്നതില്‍ ഉത്തരമില്ലാതെ വലയുകയാണ് സമരസമിതി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിലും BJP കണക്കുകൂട്ടിയതുപോലെ കാര്യങ്ങള്‍ നടന്നില്ല. മൂന്നാഴ്ച്ച കാത്തിരിക്കാം എന്ന നിലപാടിലാണ് സമര സമിതി.
ബില്‍ അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു തന്നെ സമരപ്പന്തലിലെത്തിയിട്ടും മുനമ്പംകാരുടെ ആശങ്ക ബാക്കിയാണ്. ചട്ടങ്ങള്‍ രൂപീകരിച്ചശേഷം നിയമഭേദഗതിയിലെ വ്യവസ്ഥ അനനുസരിച്ച് മുനമ്പം പ്രശ്നത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. ഭൂമിയുടെ രേഖകള്‍ കലക്ടര്‍ പുന:പരിശോധിച്ച് തീരുമാനം നിര്‍ദേശിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. മുനമ്പം തര്‍ക്കം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രശ്നപരിഹാരത്തിന് സമയപരിധി പറയാന്‍ മന്ത്രി എന്ന നിലയില്‍ തടസങ്ങളുണ്ടെന്നാണ് റിജിജുവിന്‍റെ വാദം. പ്രശ്നപരിഹാര നിര്‍ദേശത്തിന് മൂന്നാഴ്ച്ചത്തെ സമയമാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ആവശ്യപ്പെട്ടത്.
സുപ്രീംകോടതിവരെ നിയമപ്പോരാട്ടം തുടരാനുള്ള സാധ്യതയുമുണ്ട്. മുനമ്പം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്താന്‍ കഴിയാത്തതിനാല്‍ ബിജെപിക്കും കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ഇക്കാര്യത്തിലെ അവ്യക്തതകള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധമാകുകയും ചെയ്തു. ഇപ്പോഴത്തെ റിലേ നിരാഹാരസമരം തുടരും. മൂന്നാഴ്ച്ചകൊണ്ട് കേന്ദ്രസര്‍ക്കാരിന് പ്രശ്നപരിഹാര നിര്‍ദേശം മുന്നോട്ടുവയ്ക്കാനായില്ലെങ്കില്‍ സമരം ശക്തമാക്കുകയല്ലാതെ സമരസമിതിക്ക് മുന്നില്‍ മറ്റുവഴികളില്ല.