കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരണ്‍ റിജിജുവിന്‍റെ സന്ദര്‍ശത്തിന് പിന്നാലെ പ്രതികരണവുമായി മുനമ്പം സമരസമിതി. കേന്ദ്രമന്ത്രിയില്‍നിന്ന് അനുകൂല പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. നിരാശയുണ്ടെന്ന് ഫാദര്‍ ആന്‍റണി സേവ്യര്‍ പറഞ്ഞു. മന്ത്രി മൂന്നാഴ്ച സമയം ചോദിച്ചു. ചട്ടങ്ങള്‍ രൂപീകരിച്ച് പ്രശ്നപരിഹാരം അറിയിക്കാമെന്ന് മന്ത്രി പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
അതേസമയം വഖഫ് നിയമഭേദഗതി ചട്ടങ്ങള്‍ വരുമ്പോള്‍ മുനമ്പം വിഷയം പരിഹരിക്കപ്പെടുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. 'കേന്ദ്രമന്ത്രിസഭാംഗമെന്ന പൂര്‍ണഉത്തരവാദിത്തത്തോടെ ഉറപ്പു നല്‍കുന്നു., മുനമ്പം ജനതയ്ക്ക് ഭൂമി തിരികെ ലഭിക്കും, കുറച്ചുനാളത്തെ കാത്തിരിപ്പു മാത്രം' എന്നാണ് മന്ത്രി പറഞ്ഞത്.
മുനമ്പത്തുകാരുടെ പ്രശ്നത്തിന് പുതിയ നിയമം പരിഹാരമാകും, നിയമം നടപ്പാക്കാൻ ചട്ടങ്ങൾ രൂപീകരിക്കും. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാർ നിർദേശം നൽകും. സംസ്ഥാന സർക്കാർ നിർബന്ധമായും കേന്ദ്രന്ദ്രസർക്കാർ നിർദേശം നടപ്പാക്കണം. രാഷ്ട്രീയ പ്രചാരങ്ങൾക്ക് വഴിപ്പെടരുതെന്നും മന്ത്രി മുനമ്പത്ത് പറഞ്ഞു.
നേരത്തെ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട കിരണ്‍ റിജിജു വഖഫ് നിയമഭേദഗതി മുനമ്പത്തുകാരെ എങ്ങിനെ തുണയ്ക്കുമെന്നതിന് കൃത്യമായ ഉത്തരം നല്‍കിയില്ല. മുനമ്പം ഭൂമി തര്‍ക്കത്തില്‍ പുതിയ നിയമം ബാധകമാകുമെന്ന് വ്യക്തമാക്കിയ റിജിജു പക്ഷെ, മുനമ്പത്തുകാര്‍ നിയമപ്പോരാട്ടം തുടരേണ്ടിവരുമെന്ന സൂചനയും നല്‍കി. ചര്‍ച്ച് ആക്ട് നടപ്പാക്കുന്നത് പരിഗണനയിലില്ലെന്നും ന്യൂനപക്ഷകാര്യമന്ത്രി അറിയിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നത് പരിമതിയുണ്ടെന്നും കിരണ്‍ റിജിജു പറഞ്ഞു.