ഉന്നംതെറ്റി കല്ലേറ് കൊള്ളുന്നതൊക്കെ സ്വാഭാവികമാണ്. എന്നാല്‍ ബോംബ് ഭീഷണി സന്ദേശം ഉന്നംതെറ്റി വരുമോ? ഈ സംശയത്തിലാണ് തിരുവനന്തപുരത്തെ പൊലീസ്. കാരണം മറ്റൊന്നുമല്ല, ഇന്ന്(ഏപ്രില്‍ 15) ഉച്ചയോടെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയുടെ ഇമെയിലിലേക്ക് ഒരു ഭീഷണി സന്ദേശമെത്തി. കോടതിയിലും പരിസരത്തും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. വൈകിട്ട് 3.30നുള്ളില്‍ പൊട്ടുന്ന തരത്തിലാണ് ബോംബ് ക്രമീകരിച്ചിരിക്കുന്നതെന്നും ആള്‍ക്കാരുടെ ജീവന്‍ വേണമെങ്കില്‍ അതിനുള്ളില്‍ എല്ലാവരെയും ഒഴിപ്പിച്ചോളാനും മുന്നറിയിപ്പ്.
പൊലീസ് ഓടി കോടതിയിലെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പാഞ്ഞെത്തി. കോടതിയില്‍ നിന്ന് ആളുകളെ മാറ്റി. രണ്ട് മണിക്കൂറോളം അരിച്ചുപെറുക്കിയിട്ടും ബോംബ് പോയിട്ടും ഓലപ്പടക്കം പോലും കണ്ടെത്തിയില്ല. ആശ്വാസത്തോടെ തിരിച്ച് പോകാന്‍ തുടങ്ങുമ്പോള്‍ അടുത്ത സന്ദേശമെത്തി. ആറ്റിങ്ങല്‍ കോടതിയിലും ബോംബ്. വഞ്ചിയൂര്‍ കോടതിയില്‍ നടത്തിയ എല്ലാ പരക്കം പാച്ചിലും ആറ്റിങ്ങലും നടത്തി. അവിടെയും ബോംബില്ലെന്ന് ഉറപ്പിച്ചു.
പിന്നീട് ഇമെയിലില്‍ വന്ന ബോംബ് ഭീഷണി സന്ദേശമൊന്ന് മനസിരുത്തി വായിച്ചപ്പോളാണ് പൊലീസിന് സംശയം ഉദിച്ചത്. തിരുവനന്തപുരത്തെ കോടതിയില്‍ ബോംബ് വെച്ചതിന് കാരണം പറഞ്ഞിരിക്കുന്നത് ഈ നാട്ടിലെ പ്രശ്നമൊന്നുമല്ല. തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമിയാണ് ബോംബിലെ വില്ലന്‍. എടപ്പാടി പളനിസ്വാമി ഒരു ലഹരിമാഫിയക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നൂവെന്നാണ് ആരോപണം.
ഒന്നര വര്‍ഷം മുന്‍പ് മുന്‍ ഡിഎംകെ നേതാവായിരുന്ന ജാഫര്‍ സെയ്തിനെ ലഹരി ഇടപാടിന് നര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ജാഫര്‍ സെയ്ത് ഡി.എം.കെയുടെ NRI നേതാവായതുകൊണ്ട് തന്നെ തമിഴ്നാട്ടില്‍ അത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. ജാഫറിന്‍റെ ലഹരികടത്തിന് പിന്നില്‍ ഡിഎംകെ നേതാക്കളെന്നും അവരുടെ പങ്ക് കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എടപ്പാടി പളനിസ്വാമി ഗവര്‍ണര്‍ക്കുള്‍പ്പടെ പരാതി നല്‍കി. എന്നാല്‍ എടപ്പാടി പളനിസ്വാമി ലഹരിക്കേസില്‍ ഡിഎംകെ നേതാക്കളെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡിഎംകെ കോടതിയേയും സമീപിച്ചു. ആ വിവാദം തമിഴ്നാട്ടില്‍ നില്‍ക്കുന്നതിനിടെയാണ് എടപ്പാടി പളനിസ്വാമിയുടെ നടപടിയില്‍ പ്രതിഷേധിച്ച് വഞ്ചിയൂരിലെയും ആറ്റിങ്ങലിലെയും കോടതി ബോംബ് വെച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
വഞ്ചിയൂര്‍ കോടതിയുടെ tvmdcourt.ker@nic.In എന്ന മെയില്‍ ഐ.ഡിയിലേക്കാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. ഒരുപക്ഷെ തമിഴ്നാട്ടിലെ തിരുനല്‍വേലി പോലുള്ള ഏതെങ്കിലും കോടതിയുടെ മെയില്‍ ഐ.ഡിയിലേക്ക് അയച്ച ഭീഷണി സന്ദേശം മാറിപ്പോയതാണോയെന്നാണ് സംശയം. എന്തായാലും ഭീഷണി വെറും ഓലപ്പാമ്പായിരുന്നതുകൊണ്ട് പൊലീസ് കൂടുതലായിട്ട് തലപുകയ്ക്കാന്‍ പോയിട്ടില്ല.