ഇരിങ്ങാലക്കുട കടുപ്പശ്ശേരി കച്ചേരിപടിയിൽ വീട്ടുപറമ്പിലെ കിണറിൽ നിന്ന് വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുകിയത് ആശങ്ക പരത്തി. കച്ചേരിപ്പടി ദുർഗാദേവി ക്ഷേത്രത്തിന് സമീപത്തെ രമയുടെ വീട്ടുപറമ്പിലെ കിണറിൽ നിന്ന് ഇന്ന് രാവിലെയാണ് വെള്ളം ഉയർന്നത്. കിണറിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയതിന് പുറമേ പറമ്പിൽ പലയിടത്തും ഉറവകൾ രൂപപ്പെട്ട് വെള്ളം ഒഴുക്കുന്ന സ്ഥിതിയുമുണ്ടായി.
കിണറിന്റെ ഭിത്തിയിൽ പലയിടത്തായുള്ള വിടവുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്ന അവസ്ഥയും ഉണ്ടായിരുന്നു.വീടിന് സമീപത്തുള്ള പറമ്പിൽ താഴേക്കാട് ലിഫ്റ്റ് ഇറിഗേഷന്റെ വാട്ടർ ടാങ്ക് സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ പൈപ്പുകളിൽ ലീക്ക് വന്നതാകാം കിണറിൽ വെള്ളം നിറയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.നിറഞ്ഞൊഴുകിയ കിണറിൽ നിന്ന് വീട്ടുക്കാർ ഒരു തവണ മോട്ടർ അടിച്ച് വെള്ളം നീക്കം ചെയ്തെങ്കിലും പിന്നെയും നിറഞ്ഞു വന്നിരുന്നു.വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത് ഉയർന്ന പ്രദേശത്താണ് ഇതിന്റെ ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പാണ് പൊട്ടിയതെന്നാണ് നിഗമനം.