സി.എം.ആര്‍.എല്‍ എക്‌സാലോജിക് ഇടപാടില്‍സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് സമര്‍പ്പിച്ച കുറ്റപത്രം ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍നടപടികള്‍ ആരംഭിച്ചു. കുറ്റാരോപിതരായ വീണാ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത ദിവസം സമന്‍സയക്കും. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് വാങ്ങി വീണാ വിജയനെ ചോദ്യ ചെയ്യാനൊരുങ്ങി ഇഡിയും. 

ഈ മാസം മൂന്നിനാണ് അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്ചകൊണ്ട് സൂക്ഷമപരിശോധന പൂര്‍ത്തിയാക്കിയ കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. സെഷന്‍സ് കേസാക്കി രജിസ്റ്റര്‍ ചെയ്തശേഷം കുറ്റാരോപിതര്‍ക്ക് സമന്‍സ് അയക്കുകയാണ് അടുത്തഘട്ടം. അടുത്ത ആഴ്ചയോടെ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സയക്കുമെന്നാണ് സൂചന. വീണ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, മകൻ ശരൺ എസ് കർത്ത, മരുമകന്‍ ആനന്ദ പണിക്കര്‍, സിഎംആർഎല്ലിലെ ചീഫ് ജനറൽ മാനേജർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ഓഡിറ്റർമാരടക്ക പ്രതികളാണ്. 

എക്സലോജിക്കിന് പുറമെ എംപവർ ഇന്ത്യ കമ്പനി ശശിധരൻ കർത്തയുടെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ നിപുണ ഇൻറർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും പ്രതിപ്പടികയിലുണ്ട്.  ശശിധരൻ കർത്തയും ഭാര്യയുമാണ് എംപവർ ഇന്ത്യാ കമ്പനിയുടെ ഡയറക്ടര്‍മാര്‍. അന്വേഷണത്തിലെ മൂന്ന് കണ്ടെത്തലുകളുടെ അടിസ്ഥാനപ്പെടുത്തിയാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രം. യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിയും സി.എം.ആര്‍.എല്ലില്‍ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് ഒരു കണ്ടെത്തൽ. 

കമ്പനി കാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം പത്ത് വർഷം വരെ തടവും വെട്ടിപ്പ് നടത്തിയ തുകയുടെ മൂന്നിരട്ടിവരെ പിഴ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വീണക്കെതിരെ ചുമത്തിയിട്ടുള്ളത്. മാലിന്യനീക്കത്തിന്റെയും യാത്രച്ചെലവുകളുടെയും പേരിൽ കർത്തയും കൂട്ടരും 182 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് മറ്റൊന്ന്. കർത്തയുടെ മരുമകൻ അനിൽ ആനന്ദ പണിക്കർക്ക് കമ്മീഷനെന്ന പേരിൽ നൽകിയ 13 കോടിയുടെ വെട്ടിപ്പും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. ഇല്ലാത്ത ചെലവുകൾ പെരുപ്പിച്ച് കാട്ടി, കൃതിമ ബില്ലുകൾ തയ്യാറാക്കിയായിരുന്നു ഈ കമ്പനികൾ വഴിയുള്ള വെട്ടിപ്പ്. കുറ്റപത്രം ലഭിക്കുന്നതോടെ ഇസിഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ ശേഷം ഇഡി അന്വേഷണത്തിന്‍റെ  രണ്ടാംഘട്ടത്തിലേക്ക് കടക്കും. വീണ വിജയനെ ചോദ്യം ചെയ്യുകയാണ് ലക്ഷ്യം. ഇഡി നീക്കവും, കോടതി നടപടികളും പ്രതിരോധിക്കാന്‍ വീണ വിജയനും സിഎംആര്‍എല്ലും കൂടുതല്‍ നിയമവഴികള്‍ തേടും. 

ENGLISH SUMMARY:

The Additional Sessions Court in Ernakulam has accepted the SFIO report in the CMRL–Exalogic case, paving the way for issuing summons to Veena Vijayan and Shashidharan Kartha. The court found prima facie evidence against all 11 accused, including four companies. Summons will be sent next week, marking a significant legal step in the investigation.