വിഷുവിപണിയില്‍ പടക്കകച്ചവടം പൊടിപൊടിക്കുമ്പോഴും സുരക്ഷയില്ലാതെയും നികുതി വെട്ടിച്ചും വടക്കന്‍ കേരളത്തിലേയ്ക്ക് പടക്കമെത്തുന്നു. ലൈസന്‍സോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ശിവകാശിയില്‍ നിന്ന് നേരിട്ട് പടക്കങ്ങള്‍ എത്തുന്നതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.
മാര്‍ക്കോ, കാന്താര എന്നീ സിനിമകളുടെ പേരിലിറങ്ങിയ പടക്കങ്ങളാണ് ഇക്കുറി ഹൈലൈറ്റ്. എന്നാല്‍ ഓണ്‍ലൈന്‍ പടക്കകച്ചവടം സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്നുവെന്ന ആക്ഷേപം ഉയരുകയാണ്.
കോഴിക്കോട് രാമനാട്ടുകരയില്‍ ഈ മാസം ആദ്യം ഓണ്‍ലൈന്‍ ഓര്‍ഡര്‍ അനുസരിച്ച് എത്തിയ പടക്ക ലോഡുകള്‍ പിടികൂടിയെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. ലാഭം മാത്രം നോക്കി ഓണ്‍ലൈന്‍ പടക്കങ്ങളുടെ പിന്നാലെ പോയാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച പടക്കങ്ങള്‍ കുട്ടികള്‍ക്കടക്കം സുരക്ഷാ, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.