മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനുള്‍പ്പെട്ട സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കി ഇഡി. എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കുറ്റപത്രം പരിശോധിച്ച ശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡി നീക്കം.
എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ സൂക്ഷമപരിശോധന കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഇഡിയുടെ നിര്‍ണായക നീക്കം. തൊട്ടടുത്ത ദിവസം തന്നെ കുറ്റപത്രം സ്വീകരിച്ച ശേഷം കോടതി തുടര്‍ നടപടികള്‍ക്ക് തുടക്കംകുറിക്കും. സമയം കളയാതെ കുറ്റപത്രം കൈപ്പറ്റി തുടര്‍നടപടികള്‍ വേഗത്തിലാക്കുകയാണ് ഇഡിയുടെ ലക്ഷ്യം. ഇഡി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷാണ് എസ്എഫ്ഐഒ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എസ്എഫ്ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്‍റെ ചുവടുപിടിച്ച് ഇഡിക്ക് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകും.
സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ ഒരുവര്‍ഷം മുന്‍പ് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുറ്റകൃത്യം സംബന്ധിച്ച് കേസില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ല. എസ്എഫ്ഐഒ അന്വേഷണത്തില്‍ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ പ്രതിസന്ധിയൊഴിഞ്ഞു. ഇതോടെ മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയോ പുതിയ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്‌തോ അന്വേഷണം ഊര്‍ജിതമാക്കാനാണ് ഇഡി നീക്കം. കുറ്റപത്രം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
അധികം താമസിയാതെ വീണ വിജയനും ഇഡിയുടെ ചോദ്യമുനയിലെത്തും. ഇതോടൊപ്പം എസ്എഫ്ഐഒ കുറ്റപത്രത്തില്‍ കോടതിയുടെ തുടര്‍ നടപടികളുമുണ്ടാകും. കുറ്റപത്രം നമ്പറിട്ട ശേഷം പ്രതിപട്ടികയിലുള്ളവര്‍ക്ക് നോട്ടിസ് അയക്കുന്നതാണ് ആദ്യ നടപടി. അവരുടെ വാദങ്ങള്‍ കേട്ട ശേഷമായിരിക്കും പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുക. എസ്എഫ്ഐഒ നടപടികളെ ഡല്‍ഹി ഹൈക്കോടതിയും തടയാത്ത സാഹചര്യത്തില്‍ വീണ വിജയന് തുടര്‍ന്നുള്ള ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണ്.