മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാവില്ല എന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ബാങ്കുകൾ വായ്പ നൽകുന്നത് നിക്ഷേപകരുടെ പണം ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ വായ്പകൾ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിർബന്ധിക്കാനാവില്ല. വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ വിഷയത്തിൽ രൂക്ഷ വിമർശനമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ബാങ്ക് വായ്പ എഴുതിത്തള്ളാന്‍ നിര്‍ദ്ദേശിക്കാന്‍ ദുരന്ത നിവാരണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. നിയമത്തിലെ 13-ാം വകുപ്പ് ഉപയോഗിക്കാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണം. ഈ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിമർശിച്ചു.
വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകളുടെ നടപടിക്കെതിരെയും കോടതി ആഞ്ഞടിച്ചു. ബാങ്കുകളുടെ നടപടി ഷൈലോക്കിന്റെ ഹൃദയശൂന്യതയെന്നാണ് ഇടക്കാല ഉത്തരവിൽ കോടതി വിമർശിച്ചത്. എഴുതിത്തള്ളേണ്ടത് വലിയ തുകയല്ലെന്ന് ബാങ്കുകളെ കോടതി ഓര്‍മ്മിപ്പിച്ചു. ദുരന്തബാധിതരുടെ 4.98 കോടി രൂപയുടെ വായ്പ കേരള ബാങ്ക് എഴുതിത്തള്ളിയത് കോടതി എടുത്തുപറഞ്ഞു.
കോവിഡ് കാലത്ത് താല്‍ക്കാലികമായി ജീവിതം തടസ്സപ്പെട്ട സാഹചര്യമല്ല വയനാട്ടിലേതെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ എല്ലാ ജീവിത സാഹചര്യവും നഷ്ടപ്പെട്ടവരാണ്. ദുരന്തത്തെ കേന്ദ്ര സര്‍ക്കാര്‍ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം. ക്ഷേമ രാഷ്ട്രത്തിലെ ഭരണ നിര്‍വഹണ ചുമതല കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുത്ത സ്റ്റേറ്റ് ലെവൽ ബാങ്കിങ് സമിതി യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന തീരുമാനമെടുത്തെതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിൻ്റെ വാദം. ഇത് ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തീരുമാനമെടുത്ത രണ്ട് SLBC യോഗത്തിന്റെയും മിനുറ്റ്‌സ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ച് ഹൈക്കോടതി പറഞ്ഞു.