എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിധിയെ തോല്‍പ്പിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന കേരളത്തിന്‍റെ നിധി ഇനി സുരക്ഷിത കരങ്ങളില്‍. ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഒന്നര മാസം അമൂല്യമായ നിധി പോലെ അവളെ കാത്ത നഴ്സുമാരുടെ കൈയില്‍ നിന്നും ജില്ല ശിശു സംരക്ഷണ ഉദ്യോഗസ്ഥ കെ.എസ് സിനി ഏറ്റുവാങ്ങി. നെഞ്ചിലെ ചൂടുപറ്റിക്കിടന്ന അവള്‍ ഒന്നു ചിണുങ്ങി. പിന്നെ പതിയെ മയക്കത്തിലേയ്ക്ക്. സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റില്‍ രാപ്പകല്‍ അവള്‍ക്ക് അമ്മത്തണലൊരുക്കിയ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും കണ്ണു നിറഞ്ഞു. കേരളം നിധിയെന്ന് പേരിട്ട് വിളിച്ച അവള്‍ പുതിയ ആകാശത്തിലേയ്ക്ക്. പാദുവാപുരത്തെ ശിശുഭവനിലേയ്ക്ക്. 

കോട്ടയത്തെ മല്‍സ്യഫാമില്‍ ജോലി ചെയ്യുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ ആശുപത്രി ഐ.സി.യുവില്‍ ഉപേക്ഷിച്ചതാണ്. പ്രസവത്തിനായി നാട്ടിലേയ്ക്ക് പോകുന്ന സമയം ട്രെയിനില്‍വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടാകുകയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനുവരി 29ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. ഒരു കിലോയില്‍ താഴെയായിരുന്നു കുഞ്ഞിന്‍റെ ഭാരം. കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.  

കുഞ്ഞിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ്  നിധി എന്ന് പേരിട്ടത്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ചികില്‍സ ഏകോപിപ്പിച്ചു. അനീമിയയുണ്ടായിരുന്നതിനാല്‍ രണ്ടു തവണ രക്തം നല്‍കി. നിധി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. കുഞ്ഞിന്‍റെ മാതാപിതാക്കള്‍ക്ക് ഏറ്റെടുക്കാനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ചശേഷം തുടര്‍ നടപടിയെന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും.  

ENGLISH SUMMARY:

Kerala’s precious little fighter, who overcame the odds and returned to life, is now in safe hands. The baby girl—abandoned in the ICU of Ernakulam General Hospital by a couple from Jharkhand—has been taken into the care of the Child Welfare Committee. Doctors have confirmed that the baby is in perfect health.