പാര്‍മെന്‍റില്‍ ചര്‍ച്ചക്കിടെ മുന്നയെന്നും യൂദാസ് എന്നും പരാമര്‍ശിച്ചത് സുരേഷ്ഗോപിയെക്കുറിച്ചല്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാഷ്ട്രീയ പ്രസംഗത്തിനിടെ ഉപമകളും ചേര്‍ക്കലുകളും സ്വാഭാവികമാണ്. ആ പേരുകളെല്ലാം തന്നെക്കുറിച്ചാണെന്ന് ചിന്തിച്ച് സുരേഷ് ഗോപി ക്ഷുഭിതനായതെന്തിനെന്നും ബ്രിട്ടാസ് ചോദിച്ചു. അദ്ദേഹം നിഷ്ക്കളങ്കനായതുകൊണ്ടാണ് അങ്ങനെ തോന്നിയതെന്നും അതേസമയം ജോര്‍ജ് കുര്യന്‍ തല താഴ്ത്തി പതുങ്ങിയിരിക്കുകയായിരുന്നുവെന്നും ബ്രിട്ടാസ് പറയുന്നു.
മുനമ്പം ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളെയും ജബൽ പൂരിൽ ക്രിസ്ത്യാനികളെ ആക്രമിച്ചതും പരാമർശിക്കവെയായിരുന്നു ബ്രിട്ടാസ് സുരേഷ് ഗോപിക്കെതിരെ സംസാരിച്ചത്. തിരിച്ചുള്ള സുരേഷ് ഗോപിയുടെ മറുപടിയും സോഷ്യല്‍മീഡിയകളിലടക്കം വൈറലായിരുന്നു. സഭയില്‍ സുരേഷ് ഗോപി നല്‍കിയ മറുപടിയെക്കുറിച്ചും ബ്രിട്ടാസ് പരാമര്‍ശിച്ചു. പേരെടുത്ത് പറയാതെയുള്ള തന്‍റെ പ്രസംഗത്തിന് മറുപടിയായി അദ്ദേഹം ഏതൊക്കെയോ സിനിമകളുടെ പേര് പറയുന്നുവെന്നും ഒരു സിനിമയും കേരളത്തില്‍ നിരോധിക്കാന്‍ താനോ തന്‍റെ പാര്‍ട്ടിയോ പറയില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
സര്‍ഗാത്മകമായി നോക്കിയാല്‍ പല സിനിമകളും സെപ്റ്റിക് ടാങ്കിലിടേണ്ടവയാണെന്നും കേരളസ്റ്റോറി പോലുള്ള അത്തരം സിനിമകള്‍ പോലും കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ആ സിനിമ ഒരു പൂച്ചക്കുഞ്ഞുപോലും കണ്ടിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു. 51വെട്ട് സിനിമ ബിജെപിക്ക് സ്വാധീനമുള്ള ഏതെങ്കിലും ചാനല്‍ കാണിക്കട്ടെ. സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയാണെന്നതൊക്കെ സത്യം തന്നെയെങ്കിലും അദ്ദേഹത്തെ നിങ്ങളാരും വലിയ ഗൗരവത്തിലെടുക്കേണ്ടെന്നും ബ്രിട്ടാസ് പരിഹസിച്ചു. സുരേഷ് ഗോപിയോടൊരു സഹാനുഭൂതി മാത്രം കാണിച്ചാല്‍ മതിയെന്നായിരുന്നു ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും സഭയില്‍ കൊമ്പുകോര്‍ത്തത്. എമ്പുരാനിലെ മുന്നയെപ്പോലൊരാള്‍ ഇവിടെയുണ്ടെന്നായിരുന്നു ബ്രിട്ടാസിന്റെ പരാമര്‍ശം. മലയാളിക്ക് പറ്റിയ തെറ്റ് അധികം വൈകാതെ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.