പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെ അണക്കെട്ടുകളിലെ ബഫർ സോൺ ഉത്തരവ് പിൻവലിച്ച് അപൂർവ നടപടിയുമായി സർക്കാർ. ജലവകുപ്പിന് കീഴിലുള്ള അണക്കെട്ടുകളുടെ സമീപം 120 മീറ്റർ ചുറ്റളവിൽ നിർമ്മാണങ്ങൾക്ക് നിരാക്ഷേപ പത്രം ഏർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ഉറപ്പു നൽകി. ഉത്തരവ് പുന പരിശോധിക്കാമെന്ന് മന്ത്രി തുടക്കത്തിൽ പറഞ്ഞെങ്കിലും പിൻവലിക്കണം എന്ന നിലപാടിൽ പ്രതിപക്ഷ ഉറച്ചുനിന്നതോടെയാണ് തീരുമാനം.
മലയോര ജനതയെ ആശങ്കയിലേക്ക് തള്ളിവിട്ട ജലവകുപ്പിന്റെ ഡിസംബർ 26 ലെ ഉത്തരവാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസിലൂടെ സഭയിൽ എത്തിച്ചത്. അണക്കെട്ടുകളുടെ ജലനിരപ്പിൽ നിന്നും കരയുടെ ഭാഗത്തേക്ക് 20 മീറ്റർ വരെ ബഫർ സോണായും തുടർന്നുള്ള നൂറ് മീറ്റർ ചുറ്റളവിൽ നിർമ്മാണങ്ങൾക്ക് ത്തിന് ജലവകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നിരാക്ഷേപ പത്രവും നിർബന്ധമാക്കി. ഇതിന്‍റെ പശ്ചാത്തലത്തിൽ വീടുകൾക്ക് കെട്ടിട നമ്പറും പെർമിറ്റും നൽകാതെ ഉദ്യോഗസ്ഥർ കൊലവിളി തുടങ്ങിയിട്ടുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ മോൻസ് ജോസഫ് വിമർശിച്ചു.
തീരുമാനം സദുദ്ദേശപരമായിരുന്നു എന്നു വാദിച്ച മന്ത്രി റോഷി അഗസ്റ്റിൽ, ജനങ്ങൾക്ക് ആശങ്ക ഉണ്ടായതിനാൽ ഉത്തരവ് പുന:പരിശോധിക്കുമെന്ന് അറിയിച്ചു. പുനപരിശോധിക്കുമെന്നല്ല, പിൻവലിക്കുമെന്ന ഉറപ്പാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു. നടപ്പാക്കില്ലെന്ന് മന്ത്രി വീണ്ടും ഉറപ്പു നൽകിയെങ്കിലും പിൻവലിക്കുമെന്ന് വ്യക്തമായി പറയണമെന്നായി പ്രതിപക്ഷ നേതാവ്.
അങ്ങനെ , അടിയന്തര പ്രമേയ നോട്ടിസിന് പിന്നാലെ ഒരു ഉത്തരവ് പിൻവലിച്ച് സർക്കാർ കീഴടങ്ങുന്ന അപൂർവ്വ കാഴ്ചയ്ക്ക് സഭ വേദിയായി. ഇതേത്തുടർന്ന് പതിവ് വാക്കൗട്ടും പ്രതിപക്ഷം ഒഴിവാക്കി.