തൊഴിലുറപ്പുപദ്ധതിയില്‍ കേരളത്തിന് നല്‍കാനുള്ള 811 കോടി രൂപ കുടിശിക ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മസാനി ലോക്സഭയില്‍. അടൂര്‍ പ്രകാശിന്‍റെ ചോദ്യത്തിനാണ് മറുപടി. ജനസംഖ്യ കുറവായ തമിഴ്‌നാടിന് തൊഴിലുറപ്പ് വിഹിതം ഉത്തർപ്രദേശിനെക്കാൾ കൂടുതലെന്ന മന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. ഒരു രാജ്യം ഒരുതിരഞ്ഞെടുപ്പ് ബില്‍ പരിഗണിക്കുന്ന ജെ.പി.സിയുടെ കാലാവധി വര്‍ഷകാല സമ്മേളനംവരെ നീട്ടി
ചോദ്യോത്തരവേളയിലാണ് അടൂര്‍പ്രകാശ് തൊഴിലുറപ്പ് പദ്ധതിയിലെ കുടിശിക ചൂണ്ടിക്കാട്ടിയത്. ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് പറഞ്ഞ കേന്ദ്രസഹമന്ത്രി ആഴ്ചകള്‍ക്കുള്ളില്‍ കുടിശിക നല്‍കുമെന്നും മറുപടി നല്‍കി
കുടിശികയുമായി ബന്ധപ്പെട്ട് ഡി.എം.കെ. അംഗം കനിമൊഴിയുടെ ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഏഴുകോടി ജനസംഖ്യയുള്ള തമിഴ്‌നാടിന് 20 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിനെക്കാൾ കൂടുതലാണ് തൊഴിലുറപ്പ് വിഹതമെന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത് തമിഴ്നാട്ടിലെയും ഉത്തര്‍പ്രദേശിലെയും അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ബംഗാൾ തൊഴിലുറപ്പ് വിഹിതം വകമാറ്റിയെന്ന് മന്ത്രി പറഞ്ഞതോടെ ടിഎംസിയും ബഹളം വച്ചു. ചോദ്യോത്തരവേളയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് സ്പീക്കര്‍. ബഹളം തുടര്‍ന്നതോടെ സഭ അല്‍പസമയം നിര്‍ത്തിവച്ചു