ആശമാരുടെ ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പിൻവലിച്ച ഉത്തരവിൽ പുതിയ കുരുക്കുണ്ടെന്ന് ആശാ വർക്കർമാർ. ഇൻസെൻ്റീവിന് പുതിയ മാനദണ്ഡം ഏർപ്പെടുത്തി. ഇൻസെൻ്റീവ് കുറഞ്ഞാൽ ഓണറേറിയവും പകുതിയാകും. വിചിത്രമായ ഉത്തരവ് പിൻവലിക്കണമെന്ന് ആശാ വർക്കർമാർ ആവശ്യപ്പെട്ടു. ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന 10 മാനദണ്ഡങ്ങൾ പിൻവലിച്ചുകൊണ്ട് സെക്രട്ടേറിയറ്റ് ഉപരോധ ദിവസമാണ് ഉത്തരവിറക്കിയത്. ആശമാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള സർക്കാരിൻ്റെ ആസൂത്രിത നീക്കമെന്നാണ് ആശാ വർക്കർമാരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസമാണ് ആശമാരുടെ സെക്രട്ടേറിയറ്റ് ഉപരോധത്തിനും അനിശ്ചിതകാല നിരാഹാര സമര പ്രഖ്യാപനത്തിനും പിന്നാലെ ആവശ്യങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങുന്നത്. തുടര്‍ന്ന് ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറക്കുകയായിരുന്നു. നിലവിലുള്ള ഓണറേറിയം ലഭിക്കാൻ ഏർപ്പെടുത്തിയിരുന്ന 10 നിബന്ധനകൾ പിൻവലിച്ചായിരുന്നു ഉത്തരവ്. എന്നാല്‍ ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് നടപ്പാക്കിയതെന്നും സമരം കടുപ്പിക്കുമെന്നുമായിരുന്നു ആശമാരുടെ നിലപാട്.
അതേസമയം ആശാ സമരം പൊളിക്കാൻ ആലപ്പുഴയിലെ സിപിഎം–സിഐടിയു നേതൃത്വം ഇടപെട്ടതിന് തെളിവായി ശബ്ദ സന്ദേശം പുറത്തുവന്നു. സിഐടിയു ആശാ വർക്കേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം മനോരമ ന്യൂസിന് ലഭിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയും സിഐടിയു ജില്ലാകമ്മിറ്റിയും ശക്തമായി ഇടപെട്ടിട്ടുണ്ടെന്നും മറ്റുള്ളവരും പഞ്ചായത്ത് സെക്രട്ടറിമാരെ വിളിച്ച് ആശാപ്രവർത്തകർ സമരത്തിന് പോകാതിരിക്കാനുള്ള ക്രമീകരണം ചെയ്യണമെന്നുമാണ് ശബ്ദ സന്ദേശത്തിലുള്ളത്.