മുട്ടിൽ മരം മുറി കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി ഒരു വർഷം പൂർത്തിയാകുമ്പോഴും മുഖ്യപ്രതികൾ കോടതിയിൽ നേരിട്ടു ഹാജരായില്ല. കേസില്‍ റവന്യു പിഴയീടാക്കലടക്കം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് കോടതിയില്‍ പോലും ഹാജരാകാതെയുള്ള നീക്കം.
മുട്ടില്‍ മരം മുറി കേസിലെ ആദ്യ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ 2024ൽ മാർച്ച് 13നാണു ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചത് . കേസിലെ പ്രധാന പ്രതികളായ റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസുകുട്ടി അഗസ്റ്റിനുമുള്‍പ്പെടെ 8 പേർക്കായിരുന്നു സമൻസ്. പിന്നാലെ 2024 ഡിസംബർ 19 വരെ 5 തവണ കേസ് അവധിക്കു വച്ചു. എന്നാൽ, കേസിലെ ഏഴാം പ്രതിയായ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ ഒഴികെ ആരും ഇതുവരെ കോടതിയിൽ നേരിട്ടു ഹാജരായില്ല. വിചാരണക്കു പോലും എത്താതെ വെല്ലുവിളിക്കുകയാണെന്നാണ് ആരോപണം. ഏപ്രിൽ 10നു കേസ് വീണ്ടും കോടതി പരിഗണിക്കാനിരിക്കുകയാണ്.
നിലവില്‍ ജാമ്യത്തിൽ തുടരുന്ന പ്രതികളുടെ അഭിഭാഷകർ മാത്രമാണ് കോടതിയിലെത്തുന്നത്. കേസിനെ അധികൃതര്‍ വിലകുറച്ച് കാണുന്നുവെന്നാണ് പരാതി. അതിനിടെ റവന്യുവകുപ്പ് റജിസ്റ്റർ ചെയ്ത 68 കേസുകളിൽ പകുതിയെണ്ണത്തിലും പിഴ ഈടാക്കുന്നതുൾപെടെയുള്ള പ്രാഥമിക നടപടി പോലും പൂർത്തിയായിട്ടില്ല. പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടിയിലേക്ക് നീങ്ങാമെന്നിരിക്കെയാണ് ഈ മെല്ലേപോക്ക്....