വയനാട് മുട്ടിൽ മരം മുറി കേസിൽ മുൻ റവന്യൂ സെക്രട്ടറിയുടെ വിവാദ ഉത്തരവിനെ പരോക്ഷമായി വിമർശിച്ച് വയനാട് അഡീഷണൽ ജില്ലാ കോടതി ഉത്തരവ്. സർക്കാർ സർക്കുലർ കൊണ്ട് നിലവിലുള്ള വനനിയമങ്ങൾ മറികടക്കാനാവില്ലെന്ന് കോടതി. ഈട്ടിത്തടികൾ കണ്ടുകെട്ടിയതിന് എതിരെ പ്രതികളായ അഗസ്റ്റിൻ സഹോദരൻമാർ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് വിധി.
മുൻ റവന്യൂ സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയുമായ എ.ജയതിലകാണ് പട്ടയഭൂമിയിലെ ഈട്ടിത്തടികൾ മുറിക്കാമെന്ന വിവാദ ഉത്തരവ് 2020ൽ ഇറക്കിയത്. ഈ ഉത്തരവിന്‍റെ മറവിലാണ് മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് വ്യാപകമായി ഈട്ടിത്തടികൾ മുറിച്ച് കടത്തിയത്. അന്നത്തെ ഉത്തരവിനെ പരോക്ഷമായി വിമർശിച്ചുകൊണ്ടാണ് അഡീഷണൽ ജില്ലാ കോടതിയുടെ വിധി. സർക്കാർ ഉത്തരവുകളും സർക്കുലറും കൊണ്ട് വനനിയമങ്ങൾ മറികടക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളായ അഗസ്റ്റിൻ സഹോദരൻമാരിൽ നിന്ന് ഡിഎഫ്ഒ ഈട്ടിത്തടികൾ കണ്ടുകെട്ടിയത് കോടതി ശരിവച്ചു.
തടികൾ സർക്കാറിന്‍റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്ന് ഉത്തരവിൽ പറയുന്നു. തടിക്കച്ചവടത്തിന് ലൈസൻസ് ഉണ്ടെന്ന വാദവും പ്രതികൾക്ക് തെളിയിക്കാനായില്ല. വന സമ്പത്ത് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും ഉത്തരവിൽ എടുത്തു പറയുന്നു. മരംമുറിയിൽ പൊലീസ് എടുത്ത പ്രധാന കേസിന് ബലം നൽകുന്നതാണ് ഈ വിധി. പ്രതികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ വിധിയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് .