കോഴിക്കോട് ബാലുശേരിയില്‍ വിലക്ക് ലംഘിച്ച് ഉല്‍സവത്തിന് എഴുന്നള്ളിച്ച ആനയെ പിടിച്ചെടുക്കാന്‍ നീക്കം. ജില്ലാ കലക്ടര്‍ അധ്യക്ഷനായ നാട്ടാനപരിപാലന കമ്മറ്റിയുടേതാണ് തീരുമാനം. ഉല്‍സവം നടത്തിയ ക്ഷേത്രകമ്മറ്റിക്കും നടത്തിപ്പുകാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനും സമിതി ശുപാര്‍ശ ചെയ്തു.
ഫെബ്രുവരി 26നാണ് ബാലുശേരി പൊന്നരംതെരു ക്ഷേത്രത്തില്‍ അനുമതി ഇല്ലാതെ ആനയെ ക്ഷേത്ര എഴുന്നെള്ളത്തിന് ഉപയോഗിച്ചത്. ഇതിന് ക്ഷേത്രകമ്മറ്റിക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതിനൊപ്പമാണ് ആനയെ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായത്. ഉല്‍സവത്തില്‍ എഴുന്നെള്ളിച്ച ഗജേന്ദ്രന്‍ എന്ന ആനയുടെ ഉടമസ്ഥനെതിരെ 2021, 23 വര്‍ഷങ്ങളിലും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നടപടിക്കുള്ള നീക്കം. നിലനില്‍ക്കുന്ന പരാതികളും ആന എഴുന്നെള്ളിപ്പ് സംബന്ധിച്ച സുപ്രീംകോടതി വിധികളും പരിശോധിച്ച് ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താകും ആനയെ പിടിച്ചെടുക്കുന്ന നടപടിയിലേക്ക് കടക്കുക.