വയനാട് വള്ളിയൂർകാവിൽ പൊലീസ് ജീപ്പിടിച്ച് വഴിയോര കച്ചവടക്കാരൻ മരിച്ചു. വള്ളിയൂർകാവ് സ്വദേശി ശ്രീധരനാണ് മരിച്ചത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാർക്കും പ്രതിക്കും പരുക്കേറ്റു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്നും പ്രതിയുമായി ബത്തേരിയിലേക്ക് പോകവേയാണ് അമ്പലവയൽ പൊലീസ് സ്റ്റേഷനിലെ ജീപ്പ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ ഉന്തു വണ്ടിയിലും ആൽത്തറയിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഗുരുതരമായി പരുക്കേറ്റ ശ്രീധരന്‍ മരിക്കുന്നത്. ജീപ്പിലുണ്ടായിരുന്ന സി.പി.ഒ മാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ, വി.കൃഷ്ണൻ, പ്രതി മാഹി സ്വദേശി പ്രബിഷ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ജീപ്പിനു ഫിറ്റ്നസ് ഇല്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരോ ആർഡിഒ എത്താതെ ജീപ്പ് വിട്ടുനിൽക്കില്ലെന്നായിരുന്നു നിലപാട്. പിന്നീട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി സംസാരിച്ചതോടെയാണ് ജീപ്പ് മാറ്റാൻ സമ്മതിച്ചത്. പരുക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.