image: Travelflyknit

image: Travelflyknit

മലപ്പുറം താനൂരില്‍ നിന്ന് വീടുവിട്ടുപോയ പെണ്‍കുട്ടികളെ തിരികെ എത്തിച്ച് പൊലീസ്. പൂണെയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.  ട്രെയിനില്‍ തിരൂരിലെത്തിയ പൊലീസ് സംഘം  ഇരുവരെയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി കൗണ്‍സിലിങും നല്‍കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം അയയ്ക്കും. 

അതിനിടെ പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച സുഹൃത്ത് റഹിം അസ്​ലത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിമിനെ തിരൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്ലസ് ടു പരീക്ഷയ്ക്കായി സ്കൂളിൽ പോയ പെൺകുട്ടികൾ ബുധനാഴ്ച ഉച്ചയോടെയാണ് മുംബൈക്ക് ട്രെയിന്‍ കയറിയത്. മുംബൈയിലെത്തിയ ഇവർ സിഎസ്എംടിയിലെ ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിൽ കയറി മുടിവെട്ടി. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണത്തിൽ വഴിത്തിരിവായി.

രാത്രിയില്‍ കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഓണാക്കിയതോടെ പൊലീസിന് ലൊക്കേഷന്‍ കിട്ടി. തുടര്‍ന്ന് നടത്തിയവ്യാപക തിരച്ചിലില്‍ കുട്ടികള്‍ മുംബൈയില്‍ നിന്നുള്ള ചെന്നൈ എഗ്മോര്‍ ട്രെയിനിലുള്ളതായി ഉറപ്പിച്ചു. ഒടുവില്‍ അര്‍ധരാത്രിയോടെ ലോണാവാലയില്‍ വച്ച് വിദ്യാര്‍ഥിനികളെ കണ്ടെത്തുകയും പുലര്‍ച്ചെ മൂന്ന് മണിയോടെ പൂണെയിലെ കെയര്‍ഹോമിലെത്തിക്കുകയുമായിരുന്നു. വീട്ടിലെ പ്രശ്നങ്ങളെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയതാണെന്നാണ് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടികൾ വിനോദസഞ്ചാരത്തിന് പോയി എന്നതാണ് പൊലീസിന്റെ നിഗമനം

ENGLISH SUMMARY:

Two girls who went missing from Tanur, Malappuram, were found in Pune and returned home by police. A friend who assisted them has been taken into custody.