സ്കൂള്‍തല പരീക്ഷകളുടെ ചോദ്യങ്ങള്‍ ചോര്‍ന്നതിന്‍റെ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച്. മലപ്പുറം മേല്‍മുറിയിലെ മഅദീൻ സ്കൂളിലെ പ്യൂൺ അബ്ദുൽ നാസര്‍ അറസ്റ്റില്‍. ചോദ്യപേപ്പറുകളുടെ ഫോട്ടോയെടുത്ത്, കൊടുവള്ളിയിലെ എം.എസ്. സൊലൂഷൻസിലെ അധ്യാപകനായ ഫഹദിന് വാട്സാപ്പ് വഴി നാസർ അയച്ചുകൊടുക്കുകയായിരുന്നു. നാസറിനെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ വർഷത്തെ ക്രിസ്മസ് പരീക്ഷയുടെ പത്താം ക്ലാസിലെ ഇംഗ്ലീഷിന്റെയും പ്ലസ് വണിലെ കണക്കു പരീക്ഷയുടെയും ചോദ്യ പേപ്പർ ചോർന്നതായാണ് പരാതി ഉയർന്നത്. കൊടുവള്ളിയിലെ സ്വകാര്യ ട്യൂഷൻ സെന്ററായ എം സ് സൊലൂഷൻസിന്റെ സി ഇ ഒ മുഹമ്മദ് ഷുഹൈബ് യൂട്യൂബ് ചാനലിലൂടെ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന നിലയിൽ പുറത്തുവിട്ട വീഡിയോ വിവാദമായി. ഇതിനു പിന്നാലെയാണ് ചോദ്യ പേപ്പർ ചോർന്നുവെന്ന സംശയമുയർന്നത്.
എം എസ് സോലൂഷൻസിലെ അധ്യാപകരെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് മലപ്പുറം മേൽമുറി മഅദീൻ സ്കൂളിൽ അന്വേഷണ സംഘത്തെ എത്തിച്ചത്. ഇവിടെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫഹദ് എന്ന അധ്യാപകൻ ജോലി രാജി വച്ച് എം എസ് സോലൂഷൻസിൽ അധ്യാപനത്തിന് എത്തിയതാണ് കേസിൽ തുമ്പായത്. ഇവിടുത്തെ പരിചയം വച്ച് അബ്ദുൽ നാസർ വഴി ഫഹദ് ചോദ്യ പേപ്പറിന്റെ കോപ്പി സംഘടിപ്പിക്കുകയായിരുന്നു. ചോദ്യ ചെയ്യലിൽ കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ ചോർത്തിയെന്ന് നാസർ സമ്മതിച്ചു.
പ്ലസ് വണ്‍ ഫിസിക്സ്, കെമിസ്റ്ററി, ബയോളജി ചോദ്യ പേപ്പറുകളും അബ്ദുൽ നാസർ ചോർത്തിയിരുന്നു, എന്നാൽ യുട്യൂബ് വീഡിയോ വിവാദമായതോടെ ഇവ പ്രസിദ്ധീകരിച്ചില്ല. ചോദ്യ പേപ്പർ ചോർത്തിയതിന് ഫഹദിൽ നിന്നോ എം എസ് സൊലൂഷൻഷിൽ നിന്നോ നാസർ പ്രതിഫലം വാങ്ങിയതായി ഇപ്പോൾ അന്വേഷണം സ്ഥിരീകരണം നടത്തിയിട്ടില്ല. മുൻപ് ചോദ്യ പേപ്പർ ചോർത്തിയിട്ടുണ്ടോയെന്നതിലും കൂടുതൽ അന്വേഷണം വേണം. എം എസ് സൊലൂഷൻസിലെ അധ്യാപകരായ ഫഹദും ജിഷ്ണുവും നേരത്തെ അറസ്റ്റിലായിരുന്നു. സി ഇ മുഹമ്മദിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.